കോഴിക്കോട്‌ മിഠായിത്തെരുവില്‍ വന്‍ അഗ്നിബാധ;കോടികളുടെ നഷ്ടം

Fire-kozhicodeകോഴിക്കോട്‌: മിഠായിത്തെരുവില്‍ വന്‍ അഗ്നിബാധ. 25 ഓളം കടകള്‍ കത്തി നശിച്ചു. രാത്രി 9.50 ഓടെയാണ്‌ തീപിടുത്തം ഉണ്ടായത്‌. പുലര്‍ച്ചവരെ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ തീ പൂര്‍ണമായി അണയ്‌ക്കാന്‍ സാധിച്ചത്‌.

രാത്രി 9.50 ഓടെയാണ്‌ മിഠായിതെരുവിലെ കോയന്‍കോ ബസാറിന്‌ സമീപമുള്ള ബ്യൂട്ടി സ്റ്റോറിലാണ്‌ ആദ്യം തീപിടുത്തമുണ്ടായത്‌. ആളിപടര്‍ന്ന തീ ഹനുമാന്‍ കോവിലിന്‌ സമീപത്തെ ഇരു നില കെട്ടിടത്തിലേക്കും പടരുകയായിരുന്നു. പിന്നീട്‌ മിനുട്ടുകള്‍ക്കകം കൊയന്‍കോ ഷോപ്പിങ്‌ മാളിന്‌ സമീപത്തുള്ള കടകളിലേക്കും തീ കപടരുകയായിരുന്നു. കടകളടച്ച്‌ ആളുകള്‍ പോയതിനാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല.

15 ഓളം ഫയര്‍എന്‍ജിനുകളും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ രണ്ട്‌ ക്രാഷ്‌ ടെന്‍ഡറുകളും എത്തിയാണ്‌ തീയണച്ചത്‌. എന്നാല്‍ ഫയര്‍ എഞ്ചിനുകള്‍ക്ക്‌ ഒരുമിച്ച്‌ തെരുവിലേക്ക്‌ കടക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഉണ്ടായത്‌.

കടകള്‍ തിങ്ങി നിറഞ്ഞ കോഴിക്കോട്ടെ പ്രമുഖ വ്യാപാര മേഖലയിലുണ്ടായ അപകടത്തില്‍ കോടികളുടെ നഷ്ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. പത്തോളം കടകളും ഗോഡൗണുകളും ഓഫീസ്‌ മുറികളുമായി മുപ്പതിലേറെ മുറികളും കത്തിനശിച്ചിട്ടുണ്ട്‌.

ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക വിവരം. അതെസമയം മിഠായിത്തെരുവില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും കാര്യക്ഷമവും വേഗതയിലുമുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമാകാത്ത അവസ്ഥ ഏറെ വിമര്‍സനങ്ങള്‍ക്കും ഇടയാക്കി.

സംഭവത്തെ തുടര്‍ന്ന്‌ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഇന്ന്‌ അടിയന്തിര യോഗം ചേരും.

തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു കെഎസ്ഇബിയുടെ പ്രാഥമിക നിഗമനം. പുറത്തെ വൈദ്യുതി ലൈനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാന്‍ സാധ്യതയില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

അതേസമയം, തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നു മേയര്‍ എ.കെ. പ്രേമജം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും മേയര്‍ ആവശ്യപ്പെട്ടു.