കോഴിക്കോട്‌ പ്രവാചക വൈദ്യത്തിന്റെ പേരില്‍ സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍

Untitled-1 copyകോഴിക്കോട്‌: പ്രവാചക വൈദ്യമെന്ന പേരില്‍ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. ഷാഫി അബ്ദുല്ല സഹൂരയാണ്‌ അറസ്റ്റിലായത്‌. പീഡനത്തിനിരയായ യുവതിയുടെ പരാതിയെ തുടര്‍ന്ന്‌ നടക്കാവ്‌ സിഐ ആണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

വര്‍ഷങ്ങളായി നിരവധി സ്‌ത്രീകളെ ഇയാള്‍ പീഡനത്തിന്‌ ഇരയാക്കി വരുന്നതായും ഇതിന്റെ തെളിവുകള്‍ പോലീസിനു കൈമാറിയതായും ഇയാളുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. പാവപ്പെട്ട വീടുകളിലെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്‌ത്രീകളുടെ സംഘര്‍ഷം കുറയ്‌ക്കാന്‍ ചികിത്സയുടെ ഭാഗമായിട്ടാണത്രെ ഇയാള്‍ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിക്കൊണ്ടിരുന്നത്‌. മാനഹാനി ഭയന്ന്‌ സ്‌ത്രീകള്‍ ഇക്കാര്യം പുറത്ത്‌ പറയാതിരിക്കുകയായിരുന്നു. സംസ്ഥാനത്തുടനീളം ഇയാള്‍ക്ക്‌ സ്‌ത്രീകളെ എത്തിച്ച്‌ കൊടുക്കുന്ന സ്‌ത്രീകളുള്‍പ്പെടെയുള്ള ഏജന്റുമാരും പ്രവര്‍ത്തിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

ഷാഫിയുടെ വ്യാജ ചികിത്സക്ക്‌ വിധേയരായി രോഗം ഗുരുതരമായവരുമുണ്ട്‌. ഇവിടെ ചികിത്സ നടത്തി ഗുരുതരാവസ്ഥയിലായ ക്യാന്‍സര്‍ രോഗിയായ മകനുമായി ഒരു പിതാവ്‌ കേന്ദ്രത്തിലെത്തിയിരുന്നു.
ഈ ചികിത്സയുടെ പ്രചരണത്തിനായി സമൂഹത്തിലെ ഉന്നത വ്യക്തികളെ പങ്കെടുപ്പിച്ച്‌ ഷാഫി നിരവധി സെമിനാറുകളും നടത്തിയിട്ടുണ്ട്‌.