കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടും

കോഴിക്കോട്: മാലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യഭ്യാസവകുപ്പ് അനുമതി നല്‍കി. നവംബര്‍ ഒന്നിന്റെ പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വിദ്യഭ്യാസ ഉപഡയറക്ടര്‍ക്ക് ലഭിച്ചത്.

സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുമതിതേടി നേരത്തെ സ്‌കൂള്‍ മാനേജര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും എഇഒക്കും നല്‍കിയ അപേക്ഷ നിരസിച്ചിരുന്നു. ഇതിനെതിരെ മാനേജര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വിധിയില്‍ നിര്‍ദേശിച്ചതനുസരിച്ച് സര്‍ക്കാറിന് അപ്പീല്‍ സമര്‍പ്പിച്ചു. സ്‌കൂള്‍ ആദായകരമല്ലെന്നും കോഴിക്കോട്-വയനാട് പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ കുറച്ചുഭാഗം പൊളിച്ചുമാറ്റേണ്ടിവരുമെന്നും മാനേജര്‍ അപ്പീലില്‍ പറഞ്ഞിരുന്നു. പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സ്‌കൂള്‍ പരിസരത്ത് സ്ഥലം ലഭ്യമല്ലെന്നും അതിനാല്‍ അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്നുമാണ് പരാതിയില്‍ മാനേജര്‍ വ്യക്തമാക്കിയത്.

എട്ട് അധ്യാപകരും ഒരു പ്യൂണും ജോലിചെയ്യുന്ന ഈ സ്‌കൂളില്‍ 44 കുട്ടികളാണ് പഠിക്കുന്നത്. സ്‌കൂള്‍ അടച്ചുപൂട്ടുന്നതില്‍ അധ്യാപക രക്ഷാകര്‍തൃ സമിതി പരാതി നല്‍കിയിട്ടില്ലെന്നും മാനേജര്‍ അപ്പീലില്‍ പറയുന്നു.

സ്‌കൂളിന്റെ 1.5 കിലോമീറ്ററിനുള്ളില്‍ രണ്ട് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്‌കൂള്‍ അടച്ചുപൂട്ടുന്നത് നിലവിലുള്ള കുട്ടികളുടെ പഠനത്തെ ബാധിക്കില്ലെന്നാണ് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ വിലയിരുത്തല്‍. ഈ സാഹചര്യം കണക്കിലെടുത്താണ് അടുത്ത അധ്യായനവര്‍ഷം മുതല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എന്നാല്‍ റേഡിന് സ്ഥലം നല്‍കിയാലും 35 സെന്റ് സ്ഥലമുള്ള സ്‌കൂളിന് പ്രവര്‍ത്തിക്കാന്‍ വേണ്ട സ്ഥലസൗകര്യമുണ്ടെന്നാണ് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ വാദം. അതെസമയം പ്രധാനാധ്യാപികയുമായോ, പിടിഎയുമായോ അന്വേഷിക്കാതെയാണ് ഡിപിഐ ഉത്തരവിറക്കിയത്. ഇതില്‍ പ്രതിഷേധിച്ച് പിടിഎ പ്രസിഡന്റസ് അസോസിയേഷനുകള്‍, സാംസ്‌ക്കാരിക, രാഷ്ട്രീയസംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.