Section

malabari-logo-mobile

നന്മയുടെ കൃഷിപാഠവുമായി ചീക്കോന്ന്‌ യു പി സ്‌കൂള്‍

HIGHLIGHTS : കോഴിക്കോട്‌: രാവിലെ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ കൈയ്യിലെല്ലാം പടവലം, പാവയ്‌ക്ക, വെണ്ട, വെളളരി തുടങ്ങിയ പച്ചക്കറികള്‍.

Untitled-1 copyകോഴിക്കോട്‌: രാവിലെ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ കൈയ്യിലെല്ലാം പടവലം, പാവയ്‌ക്ക, വെണ്ട, വെളളരി തുടങ്ങിയ പച്ചക്കറികള്‍. സ്‌കൂളിലെ ഉച്ചഭക്ഷണത്തിലേയ്‌ക്ക്‌ ഓരോരുത്തരുടെയും സംഭാവന. കോഴിക്കോട്‌ ജില്ലയില്‍ കുന്നുമ്മല്‍ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ നരിപ്പറ്റ ചീക്കോന്ന്‌ ആര്‍ എന്‍ എം യു പി സ്‌കൂളിലെ ഒരു പതിവ്‌ കാഴ്‌ചയാണിത്‌.
വര്‍ദ്ധിച്ചു വരുന്ന ക്യാന്‍സര്‍ ഉള്‍പ്പെടെയുളള മാരകരോഗങ്ങള്‍ കൃഷിയിടങ്ങളിലെ അമിത കീടനാശിനികളുടെ ഉപയോഗത്തിലേയ്‌ക്കാണ്‌ വിരല്‍ ചൂണ്ടുന്നതെന്ന തിരിച്ചറിവാണ്‌ സ്‌കൂളിനെ ഈ വഴിയിലെത്തിച്ചത്‌. ഇതില്ലാതാക്കാന്‍ സമ്പൂര്‍ണ്ണ ജൈവകൃഷിയിലൂടെ ഈ കൊച്ചു വിദ്യാലയം നടപ്പിലാക്കിയ കുടുംബകൃഷി പദ്ധതി മാതൃകയാവുകയാണ്‌. നരിപ്പറ്റയിലെ 300 കുടംുബങ്ങളില്‍ നിന്നായി 200-ഓളം വിദ്യാര്‍ത്ഥികളാണ്‌ സ്‌കൂളിലുളളത്‌. കുറേ വര്‍ഷങ്ങളായി സ്‌കൂളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പച്ചക്കറി സ്ഥിരമായി കൃഷി ചെയ്യുന്നുണ്ട്‌. കുടുംബകൃഷി എന്ന പദ്ധതിയിലൂടെ ഇവിടുത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജൈവകൃഷിയുടെ പുത്തന്‍ സാധ്യതകള്‍ തുറന്നിടുകയാണ്‌. കൃഷിയ്‌ക്ക്‌ പ്രത്യേകിച്ച്‌ ഭൂമി ആവശ്യമില്ലെന്നും മനസ്സ്‌വെച്ചാല്‍ പച്ചക്കറികളും പഴങ്ങളും സമൃദ്ധമായി എവിടെയും വിളയിക്കാമെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌ ഈ കൂട്ടായ്‌മ.
പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലയില്‍ അറുപത്‌ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്‌കൂളില്‍ കാര്‍ഷിക ക്ലബ്‌ രൂപീകരിച്ചു. തുടര്‍ന്ന്‌ കുന്നുമ്മല്‍ കൃഷി ഓഫീസറുടെ സഹകരണത്തോടെ സ്‌കൂളില്‍വെച്ച്‌ രക്ഷിതാക്കള്‍ക്കായി ബോധവത്‌കരണ ക്ലാസ്സ്‌ നടത്തി. ഒപ്പം കുടുംബാംഗങ്ങളുടെ സഹായത്തോടെ വീടുകളില്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ അപേക്ഷ ക്ഷണിച്ചു. 300 കുടുംബങ്ങള്‍ കൃഷിചെയ്യാനായി മുന്നോട്ട്‌ വന്നു. അങ്ങനെ ഓരോ വീട്ടിലും വിവിധയിനം പച്ചക്കറികൃഷി തുടങ്ങി.
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നാട്ടിലെ പരമ്പരാഗത കര്‍ഷകരില്‍നിന്ന്‌ പിരിച്ചെടുത്ത ഗുണമേന്മയുളള നാടന്‍ വിത്തുകളും കൃഷിവകുപ്പിന്റെ വിത്തുകളും ഇവര്‍ക്ക്‌ നല്‍കി. മൂന്നര ക്വിന്റല്‍ വെളളരിയാണ്‌ സ്‌കൂളിലെ 15 സെന്റ്‌ കൃഷിയിടത്തില്‍ നിന്ന്‌ മാത്രമായി ഇത്തവണ വിളവെടുത്തത്‌. കൂടാതെ പാവയ്‌ക്ക, പയര്‍, ചീര, വെണ്ട, പീച്ചിങ്ങ, വഴുതന, കക്കിരി എന്നിവയും വലിയതോതില്‍ ലഭിച്ചു. ഇതെല്ലാം സ്‌കൂളിലെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. കുടുംബകൃഷിയില്‍ നിന്നും മികച്ച വിളവാണ്‌ ലഭിക്കുന്നത്‌ . എല്ലായിനം പച്ചക്കറികളും സമൃദ്ധമായി കൃഷി ചെയ്യുന്ന 200-ലധികം വീടുകളുണ്ട്‌. പച്ചക്കറികള്‍ സ്‌കൂളിലേയ്‌ക്കായി വിലയ്‌ക്കെടുത്തോളാമെന്ന്‌ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചെങ്കിലും ഒരോ വീട്ടുകാരും തങ്ങളുടെ പങ്ക്‌ സ്‌കൂളിലേയ്‌ക്ക്‌ ദിവസവും കൊടുത്തയയ്‌ക്കുന്നു.
പൂര്‍ണ്ണമായും ജൈവകൃഷിയാണ്‌ ഇവര്‍ പിന്തുടരുന്നത്‌. ചാണകപ്പൊടി, പച്ചച്ചാണകവും പച്ചിലയും ചേര്‍ത്ത മിശ്രിതം, ജീവാമൃതം, ശര്‍ക്കരയും മത്തിയും ഉപയോഗിച്ചുളള മിശ്രിതം, വേപ്പിന്‍പിണ്ണാക്ക്‌ എന്നിവയാണ്‌ വളമായി ഉപയോഗിക്കുന്നത്‌. ജൈവകീടനാശിനിയായി പുകയിലക്കഷായവും പുളിച്ചകഞ്ഞിവെളളവും മഞ്ഞളും ചേര്‍ത്ത ലായനിയും. സ്‌കൂളിലെ അധ്യാപകനായ സി കെ ശശിധരനാണ്‌ പദ്ധതിയുടെ ചുക്കാന്‍ പിടക്കുന്നത്‌. പൂര്‍ണ്ണ പിന്തുണയുമായി മറ്റ്‌ അധ്യപകരും പി ടി എയും ഒപ്പമുണ്ട്‌. അടുത്ത അധ്യയന വര്‍ഷം വിപുലമായ രീതിയില്‍ കൃഷി ചെയ്യാനുളള ഒരുക്കത്തിലാണിവര്‍.
ജൈവകൃഷിയുടെ മൂല്യം സമൂഹത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നാടക പ്രവര്‍ത്തകനായ പ്രദീപ്‌ മേമുണ്ട സംവിധാനം ചെയ്‌ത്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കുമ്പളദേശം എന്ന നാടകവുമായി കൃഷിയുടെ പ്രചരണവും നടത്തുന്നുണ്ട്‌.ജൈവകൃഷിയുടെ പുതിയ പാഠം ഉള്‍ക്കൊണ്ട്‌ സമൃദ്ധിയുടെ നിറവിലാണ്‌ ഈ മലയോര ഗ്രാമം. പല കാരണണങ്ങളാല്‍ കൃഷി ഉപേക്ഷിച്ചവരും ഈ പദ്ധതിയില്‍ ആകൃഷ്‌ടരായി ഇപ്പോള്‍ സഹായങ്ങളുമായെത്തുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!