അവയവദാന മഹത്വം വിളിച്ചോതി സന്ദേശയാത്ര

കോഴിക്കോട്: ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ദ്വിദിന സന്ദേശയാത്രക്ക് തുടക്കമായി. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാനായി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യാത്ര ജില്ലാ കളക്ടര്‍ സി.എ.ലത പ്രൊവിഡന്‍സ് കോളേജ് അങ്കണത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
വിദ്യാര്‍ത്ഥികളും ജീവല്‍ദാനം പ്രവര്‍ത്തകരുമടക്കം 15 പേര്‍ പങ്കെടുക്കുന്ന സന്ദേശയാത്ര ജെ.ഡി.ടി ഇസ്ലാം, കൊടുവള്ളി, ഉള്ളിയേരി, പേരാമ്പ്ര, വടകര, കെ.എം.സി.ടി മണാശ്ശേരി, എന്‍.ഐ.ടി കട്ടാങ്ങല്‍, മെഡിക്കല്‍ കോളേജ്, പൊറ്റമ്മല്‍ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോവുക. ഇന്ന് വൈകിട്ട് പൊറ്റമ്മലില്‍ നിന്നും 500 ഓളം സന്നദ്ധ പ്രവര്‍ത്തകരുടെ റാലിയും സന്ദേശ യാത്രക്കൊപ്പം ചേരും. അഞ്ചുമണിയോടെ ബീച്ചില്‍ സമാപിക്കുന്ന റാലിയുടെ ഭാഗമായി പൊതുയോഗവും സത്യപ്രതിജ്ഞയും നടക്കും.
ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ജീവല്‍ദാനം കോ-ഓര്‍ഡിനേറ്റര്‍ പ്രസാദ്, ഫാദര്‍ ഡേവിസ് ചിറമ്മല്‍, ആശ്വാസ് പ്രവര്‍ത്തകര്‍ തുടങ്ങിയവരും ആയിരത്തോളം വിദ്യാര്‍ത്ഥികളും പങ്കെടുത്തു.