കോഴിക്കോട് അറവുമാലിന്യം തള്ളുന്ന സ്റ്റാളുകള്‍ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്:മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി കോര്‍പ്പറേഷന്‍ പരിധിയിലെ ചിക്കന്‍ സ്റ്റാളുകള്‍ക്കും ബീഫ് സ്റ്റാളുകള്‍ക്കുമെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടികളുമായി ജില്ലാ ഭരണനേതൃത്വം രംഗത്ത്. ബീഫ്, ചിക്കന്‍ സ്റ്റാളുകളില്‍ പരിശോധന നടത്തി. മൂന്ന് ദിവസത്തിനകം കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കാനായി കോഴിക്കോട് ഭൂരേഖ വിഭാഗം തഹസിര്‍ദാര്‍, വാര്‍ഡ് തല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി എന്നിവര്‍ ഉള്‍ക്കൊള്ളുന്ന
മൂന്നംഗ സമിതിക്ക് രൂപം നല്‍കി.

സ്റ്റാളുകളില്‍ ഒരു കാരണവശാലും ആടുമാടുകളെ അറവ് നടത്താന്‍ പാടില്ല. കോര്‍പറേഷന്‍ നല്‍കുന്ന ലൈസന്‍സ് ഉണ്ടായിരിക്കണം. ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കച്ചവടം നടത്താന്‍ പാടില്ല. ഇറച്ചി കൈകാര്യം ചെയ്യുന്ന ആള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാകണം. അറവ് മാലിന്യം സ്വമേധയാ ശാസ്ത്രീയമായി സംസ്കരിക്കണം. ഇത്തരം വിഷയങ്ങളാണ് സമിതി സ്റ്റാളുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തുക.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ യു വി ജോസ് അധ്യക്ഷനായി. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പത്ത് ദിവസത്തിനകം കടകളുടെ പ്രവര്‍ത്തനം നിരോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കലക്ടര്‍ കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.