പേരാമ്പ്രയില്‍ യുവാവിന്റെ മരണം നിപയല്ല എച്ച്‌വണ്‍എന്‍വണ്‍ എന്ന് സ്ഥിരീകരണം

കോഴിക്കോട്: പേരാമ്പ്രയില്‍ യുവാവ് മരിച്ചത് നിപ ബാധയെ തുടര്‍ന്നല്ലെന്നും എച്ച് വണ്‍ എന്‍ വണ്‍ മൂലമാണെന്നും സ്ഥിരീകരണം. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മുജീബ് എന്ന യുവാവ് മരണപ്പെട്ടത്.

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് കേഴിക്കോട് മേപ്പയൂര്‍ സ്വദേശി മുജീബിന്റെ മരണകാരണം എച്ച്‌വണ്‍എന്‍വണ്‍ ആണെന്നു സ്ഥിരീകരിച്ചത്. എന്നാല്‍ മുജീബിന്റെ മരണ കാരണം നിപയാണെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതെതുടര്‍ന്ന് ആരോഗ്യവകുപ്പ് സാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മുജീബിന്റെ ഭാര്യുടെയേയും വീടിന് സമീപത്തെ രണ്ട് കുട്ടികളുടെയും സാമ്പിളുകള്‍ പരിശോധനയക്ക് അയച്ചിട്ടുണ്ട്. അവയുടെ ഫലം തിങ്കളാഴ്ച ലഭിക്കും. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നിരീക്ഷണത്തിലാണ് ഇവര്‍ ഇപ്പോള്‍.