കോഴിക്കോട്ടും ചുംബനസമരം നടത്തുന്നു

Untitled-2 copyകോഴിക്കോട്‌: രാജ്യവ്യാപകമായി അരങ്ങേറുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്‌ത പുത്തന്‍ സമരരീതിയായ ചുംബനസമരം കോഴിക്കോട്ടും. എറണാകുളത്തും ഹൈദരാബാദിലും ദില്ലിയിലുമെല്ലാം സദാചാര പോലീസിങ്ങിനെതിരെ ചുംബനസമരം സംഘടിപ്പിച്ച കിസ്സ്‌ ഓഫ്‌ ലവ്‌ പ്രവര്‍ത്തകരാണ്‌ കോഴിക്കോട്ടും സമരം നടത്തുന്നത്‌. ഡിസംബര്‍ മാസം ഏഴാം തിയ്യതി കോഴിക്കോട്ട്‌ വച്ച്‌ സമരം നടക്കും. വേദി പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ നവംബര്‍ രണ്ടിനാണ്‌ ഫേസ്‌ബുക്ക്‌ കൂട്ടായ്‌മയായ കിസ്സ്‌ ഓഫ്‌ ലവ്‌ ആദ്യമായി എറണാകുളം മറൈന്‍ഡ്രൈവില്‍ സദാചാര പോലീസിങ്ങിനെതിരെ ചുംബനസമരം നടത്തിയത്‌. ഈ സമരം പോലീസും, ആര്‍എസ്‌എസ്‌, എന്‍ഡിഎഫ്‌, കെഎസ്‌യു അടക്കമുള്ള സംഘടനകള്‍ കായികമായി വരെ നേരടുന്ന അവസ്ഥയുണ്ടായി.
പിന്നീട്‌ രാജ്യത്തിന്റെ പലയിടത്തും സദാചാര പോലീസിങ്ങിനെതിരെയുള്ള സമരം അരങ്ങേറി. ഹൈദരബാദിലും കൊല്‍ക്കത്തിയിലും സമരം നടന്നു. ദില്ലിയില്‍ ജെഎന്‍യു വിലെ വിദ്യാര്‍ത്ഥികളും ഈ സമരത്തില്‍ പങ്കാളികളായി.

കോഴിക്കോട്ട്‌ ഡൗണ്‍ ടു ടൗണ്‍ എന്ന റസ്റ്റോറന്റ്‌ില്‍ അനാശ്യാസം നടക്കുന്നുവെന്ന്‌ ആരോപിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ഈ റസ്റ്റോറന്റില്‍ കമിതാക്കള്‍ പരസ്യമായി ചുംബിച്ചു എന്നതായിരുന്നു യുവമോര്‍ച്ചയുടെ ആരോപണം. ഇതേ തുടര്‍ന്നാണ്‌ ചുംബനസമരം എന്ന ആശയം ഉയര്‍ത്തി എറണാകുളത്ത്‌ സമരം നടന്നത്‌