കോഴിക്കോട്‌ മക്കളെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ ശേഷം പിതാവ്‌ ആത്മഹത്യ ചെയ്‌തു

Untitled-1 copyകോഴിക്കോട്‌: പിതാവ്‌ രണ്ട്‌ ആണ്‍മക്കളെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ ശേഷം പിതാവ്‌ ആത്മഹത്യ ചെയ്‌തു. തമിഴനാട്‌ നെയ്‌ വേലി സ്വദേശി ഗോദീശ്വരന്‍ (45) ആണ്‌ തന്റെ മക്കളെ കഴുത്തറുത്ത്‌ കൊന്ന ശേഷം തൂങ്ങി മരിച്ചത്‌. കോഴിക്കോട്‌ ഓമശ്ശേരി കാതിയോട്‌ വട്ടിക്കുന്നില്‍ ഇവര്‍ താമസിക്കുന്ന വാടകവീട്ടിലാണ്‌ സംഭവം നടന്നത്‌.

സംഭവം നടന്നത്‌ ഇന്നലെ രാത്രിയാണെന്നാണ്‌ സൂചന. അടുത്തൊന്നും വീടുകള്‍ ഇല്ലാത്തതിനാല്‍ ഇന്ന്‌ രാവിലെ ഇതു വഴി പോയവരാണ്‌ കുട്ടികളുടെ ശബ്‌ദമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന്‌ ജനല്‍ വഴി അകത്തേക്ക്‌ നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന കുട്ടികളെ കണ്ടത്‌. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ്‌ വാതില്‍ തുറന്ന്‌ പരിശോധന നടത്തിയപ്പോഴാണ്‌ ഗോദീശ്വരനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്‌. കുട്ടികള്‍ക്ക്‌ എട്ടും, പത്തുമാണ്‌ പ്രായം.

ഓമശ്ശേരിയില്‍ ജെ സി ബി ഡ്രൈവറായി ജോലി ചെയ്‌ത്‌ വരികയായിരുന്ന ഇയാള്‍ ഭാര്യയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്‌. ദീപാവലിക്ക്‌ നാട്ടില്‍ പോയി വരുമ്പോള്‍ ഭാര്യയെ അവിടെ നിര്‍ത്തുകയും നാട്ടില്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്ന രണ്ട്‌ മക്കളെ കൂടെ കൊണ്ട്‌ വരികയുമായിരുന്നു. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.