കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലെ തീരങ്ങളില്‍ തീക്കാറ്റ്‌ വീശുന്നു

images (1)കോഴിക്കോട്‌: തീരദേശത്തെ ഭീതിയിലാഴ്‌ത്തി തീക്കാറ്റും കടല്‍ക്ഷോഭവും രൂക്ഷം. കനത്ത മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ ചൂട്‌ കാറ്റില്‍ തീരത്തെ മരങ്ങളും ചെടികളും വാടിക്കരിഞ്ഞു. അതെസമയം മഴക്കാലത്തെ തീക്കാറ്റിന്‌ ശാസ്‌ത്രീയമായ വിശദീകരണം നല്‍കാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.

കനത്ത മഴയ്‌ക്കൊപ്പം വീശിയടിക്കുന്ന ചുടുക്കാറ്റിനെ തുടര്‍ന്ന്‌ ആശങ്കയിലായിരിക്കുകയാണ്‌ തീരദേശവാസികള്‍. കോഴിക്കോട്‌ ജില്ലയിലെ കൊയ്‌ലാണ്ടിയിലാണ്‌ ഇങ്ങനെ ഒരു പ്രതിഭാസം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌. തുടര്‍ന്ന്‌ തിക്കോടി, ഇരിങ്ങല്‍, കോട്ടക്കല്‍, കോയാവളപ്പ്‌, മാറാട്‌ എന്നിവിടങ്ങളിലും തീക്കാറ്റ്‌ വീശി. മൂന്ന്‌ ദിവസമായി ഇടവിട്ട്‌ ഈ ഇത്‌ സംഭവിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാറ്റടിക്കുന്ന സമയത്ത്‌ അസാധാരണ ചൂടാണെന്നും അതു കഴിഞ്ഞാല്‍ പച്ചപ്പെല്ലാം കരിഞ്ഞുണങ്ങി കാണാം.

തീക്കാറ്റ്‌ അടിച്ച സ്ഥലങ്ങള്‍ റവന്യു അധികൃതര്‍ സന്ദര്‍ശിക്കുകയും പ്രദേശത്തെ കരിഞ്ഞ ചെടികളുടെയും മരങ്ങളുടെയും ഫോട്ടോകളെടുത്ത്‌ ദുരന്ത നിവാരണ അതോറിറ്റിക്ക്‌ അയച്ച്‌ കൊടുക്കുകയും ചെയ്‌തു. ഇക്കാര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്‌ കിട്ടിയാല്‍ മാത്രമേ ഈ പ്രതിഭാസത്തെ കുറിച്ച്‌ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴയുകയൊള്ളുവെന്ന്‌ അധികൃതര്‍ പറഞ്ഞു.