മാധമപ്രവര്‍ത്തകന്‍ ചമഞ്ഞ്‌ ഋഷിരാജ്‌ സിംഗിന്റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കഞ്ചാവ്‌ കേസ്‌ പ്രതി പിടിയില്‍

Story dated:Sunday June 19th, 2016,05 47:pm
sameeksha

കോഴിക്കോട്‌: എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിങ്‌ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ എത്തിയ കഞ്ചാവ്‌ കേസിലെ മുന്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട്‌ കളക്ട്രേറ്റ്‌ ഹാളിലാണ്‌ ഇന്ന്‌ ഉച്ചയ്‌ക്ക്‌ സംഭവമുണ്ടായത്‌.

എക്‌സൈസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തിന്‌ മുന്നോടിയായാണ്‌ മാധ്യമപ്രവര്‍ത്തകരോട്‌ ഋഷിരാജ്‌ സിങ്‌ സംസാരിച്ചത്‌. ലഹരികടത്തുന്നവരെ പൂര്‍ണമായി ഒതുക്കുന്നതിനുള്ള നടപടികള്‍ വിശദീകരിക്കുന്നതിനിടയിലാണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം കഞ്ചാവ്‌ കേസിലെ ശിക്ഷകളെ കുറിച്ച്‌ ഒരാള്‍ ചോദ്യമുന്നയിച്ചത്‌. കഞ്ചാവ്‌ കേസില്‍ നിലവിലുള്ള ശിക്ഷാരീതികള്‍ വളരെ പരിമിതമല്ലേ, കര്‍ശനമാക്കാന്‍ സാധ്യതയുണ്ടോ എന്നാണ്‌ ഇയാള്‍ ഋഷിരാജ്‌ സിങിനോട്‌ ചോദിച്ചത്‌.

മാധ്യമ പ്രവര്‍ത്തകന്‍ ആണെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ ഇയാള്‍ ചോദ്യം ചോദിച്ചത്‌. എന്നാല്‍ വാര്‍ത്താസമ്മേളനത്തിന്‌ ശേഷം സംശയം തോന്നിയ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ്‌ കഞ്ചാവ്‌ കേസില്‍ ശിക്ഷിക്കപ്പെട്ട കൊയിലാണ്ടി സ്വദേശി പാവാട അഷറഫ്‌ എന്നയാളാണെന്ന്‌ മനസിലായത്‌.

ആള്‍മാറാട്ടമാണെന്ന്‌ മനസിലായതിനെ തുടര്‍ന്ന്‌ ഇയാളെ നടക്കാവ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.