കോഴിക്കോട്‌-ജിദ്ദ ജംബോ സര്‍വീസ്‌ പുനരാരംഭിക്കുന്നു

air-indiaകരിപ്പൂര്‍: കോഴിക്കോട്‌-ജിദ്ദ ജംബോ സര്‍വീസ്‌ എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നു. ജിദ്ദയിലേക്ക്‌ നേരിട്ട്‌ സര്‍വ്വീസ്‌ നടത്തുന്ന രീതിയില്‍ മര്‍ച്ച്‌ 27 മുതല്‍ പുനരാരംഭിക്കാനാണ്‌ തീരുമാനം. കൊച്ചിയില്‍ നിന്ന്‌ കോഴിക്കോട്ടെത്തുന്ന 480 പേര്‍ക്ക്‌ സഞ്ചരിക്കാവുന്ന ജംബോ വിമാനം ഇവിടെ നിന്നു നേരിട്ട്‌ ജിദ്ദയിലേക്കായിരിക്കും സര്‍വ്വീസ്‌ നടത്തുക.

ചൊവ്വ, വെള്ളി ദിവസങ്ങളിലൊഴികെ നോണ്‍സ്‌റ്റോപ്പ്‌ സര്‍വീസായിട്ടായിരിക്കും വിമാനം പറക്കുക. വൈകീട്ട്‌ ആറിന്‌ കോഴിക്കോട്ടെത്തുന്ന വിമാനം എട്ടിന്‌ തിരിച്ച്‌ പോകും. ജംബോ വിമാനങ്ങള്‍ക്ക്‌ ഇറങ്ങാന്‍ പര്യാപ്‌തമല്ലെന്നു കണ്ടാണ്‌ ഇപ്പോള്‍ കോഴിക്കോട്‌ റണ്‍വേ അടച്ചിട്ടുള്ളത്‌. ഇതെ തുടര്‍ന്ന്‌ കോഴിക്കോട്ടേക്ക്‌ സര്‍വീസ്‌ നടത്തിയരുന്ന മുഴുവന്‍ വലിയ വിമാനങ്ങളും കമ്പനികള്‍ പിന്‍വലിക്കുകയായിരുന്നു.

ജിദ്ദയിലേക്ക്‌ നേരിട്ടുള്ള ജംബോ വിമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചതോടെ ഇവിടെ നിന്നുള്ള യാത്രക്കാരെ അത്‌ ഏറെ ബാധിച്ചിരുന്നു. ചെറുവിമാനങ്ങള്‍ സര്‍വീസ്‌ നടത്തുന്ന ദമാം, അബുദാബി, ഷാര്‍ജ, ദുബായ്‌ എന്നിവിടങ്ങളിലെത്തി കണക്ഷന്‍ വിമാനങ്ങളില്‍ ജിദ്ദയ്‌ക്ക്‌ പോകേണ്ട അവസ്ഥയിലാണ്‌ യാത്രക്കാര്‍.

ഇതിനു പരിഹാരമെന്നോണമാണ്‌ എയര്‍ ഇന്ത്യയുടെ ഈ പുതിയ തീരുമാനം. വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സപ്‌തംബറില്‍ മത്രമേ പൂര്‍ത്തിയാകു എന്നുള്ളത്‌ എയര്‍ഇന്ത്യയെ ഏറെ ബുദ്ധിമുട്ടിലാക്കും. ഇതുപരിഹരിക്കാന്‍ കൊച്ചിയില്‍ നിന്നെത്തുന്ന വിമാനത്തില്‍ യാത്രക്കാരോ ചരക്കുകളോ ഇല്ലാതെയായിരിക്കും വിമാനം കോഴിക്കോട്ടെത്തുക.

ഭാരമുള്ള വലിയ വിമാനങ്ങള്‍ ലാന്‍ഡ്‌ചെയ്യുന്നതിലാണ്‌ ഇവിടെ ബുദ്ധിമുട്ട്‌. ഈ പ്രശ്‌നം പരിഹരിക്കാനാണ്‌ കാലിയായ വിമാനം ഇവിടെ എത്തുന്നത്‌. ഈ അവസ്ഥയില്‍ വിമാനത്തിന്റെ ലാന്‍ഡിങ്‌ഭാരം നിയന്ത്രിതപരിധിയില്‍ നില്‍ക്കും. ഏപ്രിലില്‍ ആരംഭിക്കുന്ന ഈ സര്‍വ്വീസിനെ ഏറെ പ്രതീക്ഷയോടെയാണ്‌ എയര്‍ഇന്ത്യ നോക്കിക്കാണുന്നത്‌.