100 പവന്‍ സ്വര്‍ണ്ണം കടത്താന്‍ 25,000 രൂപയും മടക്കടിക്കറ്റും

Goldകോഴിക്കോട്‌: ദുബായില്‍ നിന്ന്‌ കേരളത്തിലേക്ക്‌ സ്വര്‍ണ്ണം കടത്താന്‍ കാരിയറാകുന്നവര്‍ക്ക്‌ സ്വര്‍ണ്ണക്കടത്ത്‌ സംഘങ്ങളുടെ ഓഫര്‍ 25,000 രൂപയും മടക്കടിക്കറ്റും. ഇന്നലെകോഴിക്കോട്‌ വിമാനത്താവളത്തില്‍ കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ പിടികൂടിയ സുല്‍ത്താന്‍ബത്തേരി സ്വദേശി സുലൈമാനാണ്‌ ചോദ്യം ചെയ്യലില്‍ 100 പവന്‍ സ്വര്‍ണ്ണം കേരളത്തിലേക്ക്‌ കടത്തി കള്ളക്കടത്തു സംഘങ്ങള്‍ പറയുന്നയാള്‍ക്ക്‌ കൈമാറിയാല്‍ തനിക്കുള്ള ഓഫറിനെ കുറിച്ച്‌ വെളിപ്പെടുത്തിയത്‌.

റാസല്‍ഗൈമയില്‍ ജോലി ചെയ്യുന്ന സുലൈമാന്‌ സുഹൃത്ത്‌ വഴി പരിചയപ്പെട്ട സുല്‍ഫീക്കര്‍ എന്ന മലയാളിയാണ്‌ സ്വര്‍ണ്ണം കൈമാറിയത്‌. ദുബായ്‌ വിമാനത്താവളത്തിന്‌ പുറത്ത്‌ വെച്ചാണ്‌ സുല്‍ഫീക്കര്‍ സ്വര്‍ണ്ണം നല്‍കിയത്‌. മ്യൂസിക്‌ സിസ്റ്റം, ചോക്ലേറ്റ്‌, കമ്പിളി, കളിപ്പാട്ടങ്ങള്‍ എന്നിവയടങ്ങിയ ഒരു ബോക്‌സാണ്‌ സുലൈമാന്‌ കൈമാറിയത്‌. സ്വര്‍ണ്ണവുമായി കോഴിക്കോട്ടെത്തുന്ന സുലൈമാന്‍ ബത്തേരിയിലേക്കുള്ള യാത്രക്കിടയില്‍ സ്വര്‍ണ്ണം കൈമാറാമെന്നായിരുന്നു ധാരണ. കോഴിക്കോടിനും, ബത്തേരിക്കുമിടയിലുള്ള റോഡ്‌ മാര്‍ഗ്ഗത്തില്‍ എവിടെയെങ്കിലും വെച്ച്‌ സുല്‍ഫീക്കറിന്റെ ആളുകള്‍ ബന്ധപ്പെടുകയും സ്വര്‍ണ്ണം കൈമാറുന്ന മുറയ്‌ക്ക്‌ മടക്കടിക്കറ്റും, 25,000 രൂപയും നല്‍കാമെന്നുമായിരുന്നു കരാര്‍.

എന്നാല്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ കസ്റ്റംസ്‌ പരിശോധന കഴിഞ്ഞ്‌ പുറത്തിറങ്ങിയ ഇയാളെ ഇന്റലിജന്‍സ്‌ കസ്റ്റംസ്‌ വിഭാഗം പിടികൂടുകയായിരുന്നു.

കൊടുവള്ളി സംഘങ്ങളാണ്‌ ഇതിന്‌ പിന്നിലാണെന്നാണ്‌ സൂചന. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളെയാണ്‌ ഇത്തരം സംഘങ്ങള്‍ സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിക്കുന്നത്‌. നേരത്തെ എയര്‍ഹോസ്റ്റസ്‌ അടക്കമുള്ള ഉയര്‍ന്ന ഉദേ്യാഗസ്ഥരെ വരെ ഉപയോഗിച്ച്‌ കേരളത്തിലേക്ക്‌ സ്വര്‍ണ്ണകടത്തിയിരുന്നു. ഈ പരിശോധന കര്‍ശനമായതോടെയാണ്‌ സംഘങ്ങള്‍ ഇപ്പോള്‍ കളം മാറ്റി ചവിട്ടിയിരിക്കുന്നത്‌.