കോഴിക്കോട് കുടിവെള്ളത്തില്‍ കോളറ ബാക്ടീരിയ സ്ഥിരീകരിച്ചു

കോഴിക്കോട്: മാവൂരില്‍ കുടിവെള്ളത്തില്‍ കോളറയ്ക്ക് കാരണമാകുന്ന വിബ്രിയോ കോളറ ബാക്ടീരിയ സ്ഥിരീകരിച്ചു. ഇവിടെ കോളറ ബാധിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. കൂടാതെ മാവൂര്‍ തെങ്ങിലക്കടവ് ഭാഗത്ത് അഞ്ചോളം പേര്‍ക്ക് കോളറ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.

ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മാവൂരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും കുടിവെള്ള സ്രോതസുകളില്‍ ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധമാക്കാനും അധികൃതര്‍ നടപടി ആരംഭിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ തന്നെ മാവൂരിലെ വിവിധ ഇടങ്ങളിലെ വെള്ളങ്ങളില്‍ വിബ്രിയോ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും ഇ കോളി ബാക്ടീരിയ അനുവദനീയമായ അളവില്‍ കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് അധികൃതരും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും അവഗണിച്ചതായാണ് റ്‌പ്പോര്‍ട്ട്.