ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരം കേരളത്തില്‍ കോഴിക്കോട്‌

ന്യൂഡല്‍ഹി ; കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലാണ് രണ്ടാമത്തെ ശുചിത്വ നഗരം. 434 നഗരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ശുചിത്വപ്പട്ടികയില്‍ ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നുള്ള നഗരങ്ങളാണ് മുന്നില്‍. കേരളത്തിലെ നഗരങ്ങള്‍ പിന്നിലാണ്.

ഗുജറാത്തില്‍നിന്ന് 12 നഗരങ്ങളും മധ്യപ്രദേശില്‍നിന്ന് 11 നഗരങ്ങളും ആദ്യ അമ്പതില്‍ ഇടംപിടിച്ചു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി നഗരം പട്ടികയില്‍ 32-ാം സ്ഥാനത്താണ്. യുപിയിലെ മറ്റ് നഗരങ്ങളെല്ലാം പട്ടികയില്‍ ഏറെ പിന്നിലായി സ്ഥാനംപിടിച്ചപ്പോഴാണ് വാരണാസി 32-ാമതെത്തിയത്. നഗരവികസന മന്ത്രാലയം 2016ല്‍ തയ്യാറാക്കിയ പട്ടികയില്‍ ഒന്നാമതായിരുന്ന മൈസൂരു പുതിയ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായി.

പട്ടികയില്‍ 254-ാം സ്ഥാനത്തുള്ള കോഴിക്കോടാണ് കേരളത്തിലെ നഗരങ്ങളില്‍ മുന്നില്‍. കൊച്ചി- 271, പാലക്കാട്- 286, ഗുരുവായൂര്‍-306, തൃശൂര്‍- 324, കൊല്ലം- 365, കണ്ണൂര്‍- 366, തിരുവനന്തപുരം- 372, ആലപ്പുഴ- 380 എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളുടെ പട്ടികയിലെ സ്ഥാനം. ലക്ഷദ്വീപിലെ കവരത്തി 416-ാം സ്ഥാനത്താണ്.

37 ലക്ഷം പേരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയാണ് നഗരവികസന മന്ത്രാലയത്തിനായി പട്ടിക തയ്യാറാക്കിയത്. തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജനം ഇല്ലാതാക്കലിനും മാലിന്യ സംസ്കരണത്തിനും വിദ്യാഭ്യാസത്തിനും പശ്ചാത്തലസൌകര്യ വികസനത്തിനുമായി 45 ശതമാനം മാര്‍ക്കാണ് സര്‍വേയില്‍ നീക്കിവച്ചിട്ടുള്ളത്.