വീട്ടമ്മയുടെ അഞ്ചര പവന്‍ മാല കവര്‍ന്ന മകന്റെ കൂട്ടുകാരന്‍ അറസ്റ്റില്‍

കോഴിക്കോട്: വീട്ടമ്മയുടെ അഞ്ചരപവന്റെ മാല കവര്‍ന്ന മകന്റെ കൂട്ടുകാരന്‍ അറസ്റ്റിലായി. പെരുമുഖം ശ്രീലകം സുരേഷിന്റെ ഭാര്യ സുനിതയുടെ മാലയാണ് മോഷണം പോയത്. വീട്ടമ്മയുടെയുടെ പരാതിയില്‍ എസ്‌ഐ രമേശ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

മോഷണം നടന്ന ദിവസം മകന്റെ സുഹൃത്തായ ഷഹദ് മാത്രമാണ് വീട്ടിലെത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ നിന്ന് മനസിലായി. ഇതെതുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്. ഈ വീട്ടിലെ നിത്യസന്ദര്‍ശകനായ ഷഹദ് ആ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് മോഷണം നടത്തിയത്. കൂട്ടുകാരന്‍ ഇല്ലാത്ത സമയത്ത് ഫോണ്‍ നന്നാക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിത്തുകയും അമ്മ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കിടപ്പുമുറിയില്‍ കയറി ഇവര്‍ തലയണയുടെ അടിയില്‍ അഴിച്ചുവച്ചിരുന്ന സ്വര്‍ണമാല എടുക്കുകയുമായിരുന്നു. തുടര്‍ന്ന് കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം സ്വര്‍ണക്കട നടത്തുന്ന മുഹമ്മദ് ഷാഹിദ് എന്നയാളെ വില്‍ക്കാന്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

വീട്ടമ്മയ്ക്കും മകനുമൊപ്പം ഷഹദും പോലീസ് സ്‌റ്റേഷനില്‍ പരാതികൊടുക്കാന്‍ എത്തിയിരുന്നു. മാല വാങ്ങിയ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.