കോഴിക്കോട്‌ വിമാനത്താവളം അടച്ചിടല്‍; എസ്‌.ഡി.പി.ഐ ദേശീയപാത ഉപരോധിക്കും

മലപ്പുറം: മലബാര്‍ മേഖലയിലെ ലക്ഷക്കണക്കിന്‌ പ്രവാസികള്‍ ആശ്രയിക്കുന്ന കോഴിക്കോട്‌ വിമാനത്താവളം സ്വകാര്യ ലോബിക്ക്‌ വേണ്ടി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച ദേശീയ പാത ഉപരോധിക്കുമെന്ന്‌ എസ്‌.ഡി.പി.ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റണ്‍വെ വികസനത്തിന്റെ പേരില്‍ രണ്ടു വര്‍ഷത്തോളം വിമാനത്താവളം അടച്ചിടാനാണ്‌ അധികൃതര്‍ നീക്കം നടത്തുന്നത്‌. വികസനത്തിന്റെ പേരില്‍ വിമാനത്താവളം ഇത്ര ദീര്‍ഘകാലം അടച്ചിടുന്നത്‌ കേട്ടു കേള്‍വിയില്ലാത്തതാണ്‌. ജീവിത പ്രാരാബ്‌ധം പേറി വിദേശ നാടുകളിലേക്കു പോകുന്ന സാധാരണക്കാരായ പ്രവാസികളും ഹജ്ജ്‌, ഉംറ പോലുള്ള തീര്‍ത്ഥാടന യാത്രികരും ആശ്രയിക്കുന്ന കോഴിക്കോട്‌ വിമാനത്താവളത്തിന്റെ സേവനം മലബാറിലെ ജനങ്ങള്‍ക്ക്‌്‌ നിഷേധിക്കുന്നത്‌ നീതിയുക്തമല്ല.
സ്വകാര്യ ലോബികളുടെ വിമാനത്താവളങ്ങള്‍ക്ക്‌ അനുകൂലമായ നിലപാടുകളിലൂടെ പൊതുമേഖല സംരംഭമായ കോഴിക്കോട്‌ വിമാനത്താവളം തകര്‍ക്കാനുള്ള ഗൂഡാലോചനയാണ്‌ നടക്കുന്നത്‌. ഇത്തരം നീക്കങ്ങളില്‍ നിന്ന്‌ അധികൃതര്‍ പിന്‍മാറണം. കോഴിക്കോട്‌ വിമാനത്താവളത്തിനെതിരായ നീക്കം തടയണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര വ്യോമയാന മന്ത്രി അശോക്‌ ഗജപതി രാജുവിനും സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പാര്‍ട്ടി നിവേദനം നല്‍കിയിരുന്നു. അനുകൂലമായ ഒരു നടപടിയുമില്ലാത്തതിനെ തുടര്‍ന്നാണ്‌ ദേശീയപാത ഉപരോധിക്കാന്‍ തീരുമാനിച്ചത്‌. 28ന്‌ വൈകീട്ട്‌ നാലിന്‌ കൊണ്ടോട്ടിയില്‍ നടക്കുന്ന ഉപരോധ സമരം എസ്‌.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കെ എം അശ്‌റഫ്‌ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ഖജാന്‍ജി ജലീല്‍ നീലാമ്പ്ര, ജില്ലാ പ്രസിഡന്റ്‌ വി ടി ഇക്‌റാമുല്‍ഹഖ്‌ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എസ്‌.ഡി.പി.ഐ ജില്ലാ വൈസ്‌പ്രസിഡന്റ്‌ മേമന ബാപ്പു മാസ്റ്റര്‍, സെക്രട്ടറി ടി എം ഷൗക്കത്ത്‌, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ്‌ ഫൈസല്‍ ആനപ്ര പങ്കെടുത്തു.