കരിപ്പൂരില്‍ ഒരുകോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരുകോടി രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. വിമാനത്തിന്റെ സീറ്റിനിള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്‍ഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിന്റെ സീറ്റിന്റെ തലവയ്ക്കുന്ന ഭാഗത്തു നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ഹെഡ്‌റസ്റ്റിന്റെ മുകള്‍ഭാഗം പൊളിച്ചുമാറ്റി അതിനകത്ത് പ്രത്യേകം കടലാസില്‍ പൊതിഞ്ഞ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം.

ഒരോ കിലോ വീതം തൂക്കമുള്ള രണ്ട് സ്വര്‍ണ കട്ടികളും 1527 ഗ്രാം ഭാരമുള്ള മൂന്ന് സ്വര്‍ണ കഷ്ണങ്ങളുമാണ് ഡിആര്‍ഐ കണ്ടെടുത്തത്. നേരത്തെ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന ഡിആര്‍ഐ വിഭാഗം വിമാനമെത്തിയ ഉടന്‍തന്നെ പ്രത്യേക അനുമതിയോടെ വിമാനത്തിനകത്തുകയറി പ്രിശോധിക്കുകയായിരുന്നു. ഇതെതുടര്‍ന്നാണ് 3527 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.

വിമാന ജീവനക്കാരുടെ സഹായത്തോടെ പുറത്ത് കടത്താനായിരിക്കാം സ്വര്‍ണം ഇത്തരത്തില്‍ സൂക്ഷിച്ചതെന്നാണ് സൂചന. അതെസമയം വിമാനത്തിനകത്ത് സ്വര്‍ണം ഒളിപ്പിച്ചത് ആരാണെന്നതുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് ഒരിക്കലും ഇത്തരത്തില്‍ സ്വര്‍ണം ഒളിപ്പാക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് ഡിആര്‍ഐ. വിമാനത്തിന്റെ മറ്റ് യാത്രാരേഖകളും ഡിആര്‍ഐ പരിശോധിച്ചുവരികയാണ്.

ദുബായില്‍ നന്നാണ് സ്വര്‍ണം വിമാനത്തിനകത്ത് കടത്തിയിട്ടുളളതെന്ന് വ്യക്തമായിട്ടുണ്ട്. 1,10,41,075 രൂപയുടെ സ്വര്‍ണമാണ് ഡിആര്‍ഐ കണ്ടെടുത്തത്.