Section

malabari-logo-mobile

കരിപ്പൂര്‍ വിമാനത്താവളം ഭൂമിയേറ്റെടുക്കല്‍ : ആദ്യഘട്ടത്തില്‍ 100 പേരുടെ ഭൂമിയേറ്റെടുക്കും: – മന്ത്രി ഡോ. കെ.ടി ജലീല്‍

HIGHLIGHTS : മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്‌ ഭൂമിയേറ്റെടുക്കുന്നതിന്റെ രണ്ടാംഘട്ട നടപടി ക്രമങ്ങള്‍ തുടങ്ങുന്നതിന്‌ മുന്‍പ്‌ സാങ്കേതിക ഉപദേശക സമിതി...

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്‌ ഭൂമിയേറ്റെടുക്കുന്നതിന്റെ രണ്ടാംഘട്ട നടപടി ക്രമങ്ങള്‍ തുടങ്ങുന്നതിന്‌ മുന്‍പ്‌ സാങ്കേതിക ഉപദേശക സമിതിയെ നിയോഗിക്കുമെന്ന്‌ തദ്ദേശ സ്വയംഭരണ – ന്യൂനപക്ഷക്ഷേമ വകുപ്പ്‌ മന്ത്രി ഡോ. കെ.റ്റി. ജലീല്‍ അറിയിച്ചു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 150 അടി താഴ്‌ചയുള്ള ഭൂമി മണ്ണിട്ട്‌ നികത്താനുള്ള ചെലവും മറ്റ്‌ പാരിസ്ഥിതിക പ്രശ്‌നങ്ങളും പഠിക്കുകയായിരിക്കും സമിതിയുടെ ചുമതല. കൂടാതെ എയര്‍പോര്‍ട്ട്‌ വികസനത്തിന്‌ നിലവില്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റി ആവശ്യപ്പെട്ട ഏക്കര്‍ ഭൂമി ആവശ്യമാണോയെന്നും പരിശോധിക്കും.

പുനരധിവാസത്തിന്‌ മുന്‍ഗണന:
14,063 കോടിയോളം സ്ഥലമേറ്റെടുക്കുന്നതിനായും പുനരധിവാസത്തിനായും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്‌. ഭൂമി നല്‍കാന്‍ സമ്മതപത്രം നല്‍കിയ 100 പേരില്‍ നിന്നും ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങും. രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ തന്നെ നഷ്‌ടപരിഹാര തുക കൈമാറും. മൂന്ന്‌ മുതല്‍ 10 ലക്ഷം വരെയാണ്‌ സ്ഥലത്തിനനുസരിച്ച്‌ നല്‍കുക. വീട്‌ നഷ്‌ടപ്പെടുന്നവര്‍ക്ക്‌ പ്രത്യേക നഷ്‌ടപരിഹാരം നല്‍കും. ഭൂമി നഷ്‌ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന 100 ഏക്കര്‍ സ്ഥലം പ്രത്യേക ടൗണ്‍ഷിപ്പായി വികസിപ്പിച്ച്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. വിമാനത്താവളത്തിന്റെ ഭാവിയിലുള്ള വളര്‍ച്ചയെ കൂടി മുന്‍കൂടി കണ്ടാണ്‌ നിലവില്‍ ഭൂമിയേറ്റെടുക്കുന്നത്‌. കഴിഞ്ഞ കാലങ്ങളില്‍ മികച്ച വളര്‍ച്ചാ നിരക്ക്‌ രേഖപ്പെടുത്തിയിട്ടുള്ള വിമാനത്താവളം നിലനിര്‍ത്തേണ്ടത്‌ എല്ലാവരുടെയും ആവശ്യമായി കാണണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും ഹജ്‌ എംബാര്‍ക്കേഷന്‍ കേന്ദ്രമായി കരിപ്പൂരിനെ നിലനിര്‍ത്തേണ്ടത്‌ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ജനങ്ങളോടും നാടിനോടും ഭാവി തലമുറയോടുമുള്ള ചുമതല നിര്‍വഹിക്കുന്നതിന്‌ ജനപ്രതിനിധികള്‍ ഒരുമിച്ച്‌ നില്‍ക്കണമെന്ന്‌ മന്ത്രി അഭ്യര്‍ഥിച്ചു. സമയബന്ധിതമായി സ്ഥലമേറ്റെടുപ്പ്‌ പൂര്‍ത്തിയാക്കുന്നതില്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലയുടെ വികസന കാര്യത്തില്‍ രാഷ്‌ട്രീയത്തിനതീതമായി അഭിപ്രായ സമന്വയമുണ്ടാവണമെന്നും പറഞ്ഞു. ഹജ്‌ ഹൗസും ഹജ്‌ കാംപും ജില്ലയില്‍ തന്നെ നിലനിര്‍ത്തേണ്ടതാണ്‌. സമ്മതം നല്‍കിയ നൂറ്‌ പേരുടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും ഇതുമായി സഹകരിക്കണമെന്നും പുനരധിവാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കലക്‌ടറുടെ ചേംബറില്‍ ആദ്യം ജനപ്രതിനിധികളുമായും പിന്നീട്‌ കലക്‌റ്ററേറ്റ്‌ സമ്മേളന ഹാളില്‍ സമരസമിതി പ്രതിനിധികളുമായും മന്ത്രി സംസാരിച്ചു. എം.എല്‍.എമാരായ പി. അബ്‌ദുല്‍ ഹമീദ്‌, റ്റി.വി. ഇബ്രാഹിം, ലാഡ്‌ റവന്യൂ കമ്മീഷനര്‍ എം.സി. മോഹന്‍ദാസ്‌, ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി, ഇ. അഹമ്മദ്‌ എം.പിയുടെ പ്രതിനിധി പി. കോയക്കുട്ടി, എയര്‍പോര്‍ട്ട്‌ ജോയന്റ്‌ ജനറല്‍ മാനെജര്‍ (എ.റ്റി.സി) കെ. മുഹമ്മദ്‌ ഷാഹിദ്‌, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
ഭൂമിയേറ്റെടുക്കല്‍ വിരുദ്ധ സമിതിയുടെ ആവശ്യങ്ങള്‍:
ഇന്റര്‍നാഷനല്‍ ടര്‍മിനല്‍ നിലവിലുള്ള സ്ഥലത്ത്‌തന്നെ നിലനിര്‍ത്തണമെന്നും ഭാവിയില്‍ ഭൂമിയേറ്റെടുക്കല്‍ നടത്താത്ത രീതിയില്‍ നിലവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും സമാന്തര ടാക്‌സിവേ ആവശ്യമുണ്ടോയെന്നും പരിശോധിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുത്താല്‍ മണ്ണിട്ട്‌ നികത്തുന്നതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ സാങ്കേതിക സമിതി അനുകൂല നിലപാട്‌ രേഖപ്പെടുത്തുകയാണെങ്കില്‍ സ്ഥലം വിട്ട്‌ നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു. എയര്‍പോര്‍ട്ടിലെ മാലിന്യ നിക്ഷേപം സംബന്ധിച്ചും പരാതിയുയര്‍ന്നു. എയര്‍പോര്‍ട്ട്‌ സ്‌കൂളും സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സും എയര്‍പോര്‍ട്ടിനകത്ത്‌ നിന്ന്‌ മാറ്റി ഈ സ്ഥലങ്ങള്‍ എയര്‍പോര്‍ട്ട്‌ വികസനത്തിന്‌ വിനിയോഗിക്കണം. നേരത്തെ എയര്‍പോര്‍ട്ട്‌ വികസനത്തിനായി ഏറ്റെടുത്ത 378 ഏക്കറില്‍ ഒഴിഞ്ഞ്‌ കിടക്കുന്ന 50 സെന്റ്‌ ഉപയോഗയോഗ്യമാക്കണം. വന്‍വിമാനങ്ങള്‍ ഇറങ്ങാനുള്ള സാങ്കേതിക തടസ്സമെന്താണെന്ന്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി വ്യക്തമാക്കണം. നേരത്തെ ഭൂമി ഏറ്റെടുത്ത്‌ നഷ്‌ട പരിഹാരം നല്‍കാന്‍ ബാക്കിയുള്ളവര്‍ക്ക്‌ ഉടന്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടിന്റെ കോര്‍പറെറ്റ്‌ സോഷല്‍ റെസ്‌പോന്‍സിബിലിറ്റി (സി.എസ്‌.ആര്‍) ഫണ്ട്‌ പ്രദേശവാസികള്‍ക്ക്‌ ഉപയോഗപ്രദമാക്കണമെന്നും ആവശ്യമുയര്‍ന്നു.
സമരസമിതിയുമായി ചര്‍ച്ചകള്‍ക്ക്‌ ശേഷം മാത്രമേ അന്തിര തീരുമാനമെടുക്കൂയെന്നും നിര്‍ബന്ധമായ ഏറ്റെടുക്കല്‍ ഒരിക്കലും നടത്തില്ലെന്നും മന്ത്രി ഉറപ്പ്‌ നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!