കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘര്‍ഷം;സിഐഎസ്‌എഫ്‌ ജവാന്‍ വെടിയേറ്റു മരിച്ചു

Story dated:Thursday June 11th, 2015,09 54:am
sameeksha sameeksha

CCJ_shaajol_shameel_calicutinternationalairport_1g1k79mddtവിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്‌എഫ്‌ ജവാന്മാരും വിമാനത്താവള അതോറിറ്റി ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിഐഎസ്‌എഫ്‌ ജവാന്‍ വെടയേറ്റു മരിച്ചു. സംഘര്‍ഷത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു.

ബുധനാഴ്‌ച രാത്രി 9.45 ഓടെയാണ്‌ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അതീവ സുരക്ഷയുള്ള വിഐപി ഗേറ്റില്‍ വിമാനത്താവള അതോറിറ്റി ജീവനക്കാരും വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്‌എഫ്‌ ജവാന്‍മാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്‌. ഫയര്‍ ആന്റ്‌ സേഫ്‌റ്റി വിഭാഗത്തിലെ ജീവനക്കാരനായ സണ്ണി തോമസ്‌ വിഐപി ഗേറ്റിലൂടെ പ്രവേശിച്ചതാണ്‌ സംഭവങ്ങളുടെ തുടക്കം. യൂണിഫോമിലായിരുന്ന തന്നെ പരിശോധിച്ചത്‌ സണ്ണി തോമസ്‌ ചോദ്യം ചെയ്‌തു. ഇത്‌ വാക്കേറ്റത്തില്‍ കലാശിച്ചതോടെ വിമാനത്താവള അതോറിറ്റി ജീവനക്കാര്‍ സംഘടിച്ചെത്തി. ഇതോടെ സിഐഎസ്‌എഫ്‌ ജവാന്‍മാരും സംഘടിച്ചു. ഇതിനിടയിലാണ്‌ എസ്‌എസ്‌ യാദവ്‌ എന്ന സിഐഎസ്‌എഫ്‌ ജവാന്‌ വെടിയേറ്റത്‌. തലക്ക്‌ വെടിയേറ്റ ഇദേഹത്തെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടയിലാണ്‌ മരണം സംഭവിച്ചത്‌. പരുക്കേറ്റ ഫയര്‍ ആന്റ്‌ സേഫ്‌റ്റി സീനിയര്‍ സൂപ്രണ്ട്‌ സണ്ണി തോമസിനെ കോഴിക്കോട്‌ മിംമ്‌സ്‌ ആശുപത്രിയിലും സിഐഎസ്‌എഫ്‌ സീതാറാമിനെ കോഴിക്കോട്‌ മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ജവാന്‍ വെടിയേറ്റ്‌ മരിച്ചതോടെ മറ്റു ജവരാന്‍മാര്‍ അക്രമാസക്തരാകുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. യാത്രക്കാര്‍ക്കുനേരെയും വിമാനത്താവളത്തിലെ മറ്റ്‌ ജീവനക്കാര്‍ക്ക നേരെയും ജവാന്‍മാര്‍ തിരിഞ്ഞു. അകത്തേക്ക്‌ പ്രവേശിക്കാനാകാതെ എയര്‍പോര്‍ട്ട്‌ ഡയറക്ടറെയും എയര്‍ട്രാഫിക്‌ കണ്‍ട്രോള്‍ ജീവനക്കാരെയും തടഞ്ഞുവെക്കുകയും ചെയ്‌തു. റണ്‍വേയില്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റി ജീവനക്കാര്‍ സമരവും തുടങ്ങി. ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ റണ്‍വേ ഉപരോധിച്ചതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.

മുംബൈയില്‍ നിന്ന്‌ എത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സും ദുബൈയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്‌പ്രസും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ തിരിച്ചുവിട്ടു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി പ്രശ്‌നത്തിന്റെ അനുരഞ്‌ജനത്തിനും വേണ്ടി ഇടപെട്ടു. തുടര്‍ന്ന്‌ സിഐഎസ്‌ഫ്‌ ഉദ്യോഗസ്ഥരുമായി ഡിജിപിയുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം ചര്‍ച്ചനടത്തി. തുടര്‍ന്ന്‌ രാത്രി രണ്ടുമണിയോടെ റണ്‍വെയില്‍ നിന്നും പ്രതിഷേധക്കാരെ മാറ്റി പോലീസ റണ്‍വെ തുറന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കി. സംഭവത്തെ തുടര്‍ന്ന്‌ വിമാനത്താവളത്തിന്‌ പുറത്ത്‌ തടിച്ചുകൂടിയ ജനകൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന്‌ ലാത്തിവീശേണ്ടി വന്നു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. വിമാനത്താവളത്തിന്റെ സുരക്ഷ ഇപ്പോള്‍ പൂര്‍ണമായും സംസ്ഥാന പോലീസിന്റെ നിയന്ത്രണത്തിലാണ്‌. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. യാത്രക്കാരെ വിമാനത്താവളത്തിനുള്ളിലേക്ക്‌ പ്രവേശിപ്പിച്ചു തുടങ്ങി.