കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയതിന് എയര്‍ ഹോസ്റ്റസ് പിടിയില്‍

download (2)കോഴിക്കോട് : കരിപ്പൂര്‍ വിമാനതാവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ദുബായില്‍ നിന്നും കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിക്കുകയായിരുന്ന 6 കിലോ സ്വര്‍ണ്ണം പിടികൂടിയത്. ഡയറക്ടര്‍ ഓഫ് ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് പിടികൂടിയത്.

സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യയുടെ എയര്‍ ഹോസ്റ്റസ് ഉള്‍പ്പെടെ രണ്ട് സ്ത്രീകളാണ് പിടിയിലായത്. എയര്‍ഹോസ്റ്റസായ വയനാട് സ്വദേശിനി ഹിറോങ്‌മോസ സെബാസ്റ്റ്യന്‍ സുഹൃത്ത് കണ്ണൂര്‍ സ്വദേശിനി റാഹില എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. പിടിയിലായ എയര്‍ ഹോസ്റ്റസ് സംഭവ സമയത്ത് ഡ്യൂട്ടിയിലായിരുന്നില്ല. ആദ്യമായാണ് എയര്‍പോര്‍ട്ട് ക്രൂ അംഗങ്ങളില്‍ നിന്നും വിമാനം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം നടക്കുന്നത്.

എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം ഇറങ്ങിയ ശേഷം പുറത്തു കടക്കുന്നതിനിടയിലാണ് ഇവര്‍ കസ്റ്റംസിന്റെ പിടിയിലായത്. അരയിലെ ബെല്‍റ്റില്‍ അറകളുണ്ടാക്കി അതിനുള്ളിലും ജീന്‍സിന്റെ പോക്കറ്റുകളിലുമാണ് ഇവര്‍ സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. ഈ അടുത്ത ദിവസങ്ങളിലായി കരിപ്പൂരില്‍ നിന്നും 10 കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.