കരിപ്പൂര്‍ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്; കൊടുവള്ളി പഞ്ചായത്തംഗം അറസ്റ്റില്‍

Untitled-1 copyകോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണകള്ളക്കടത്ത് നടത്തിയ കേസില്‍ കൊടുവള്ളി പഞ്ചായത്തംഗം അറസ്റ്റില്‍. കാരാട് ഫൈസല്‍ (38) നെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അറസ്റ്റ് ചെയ്തത്. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന്റെ കൊടുവള്ളി ടൗണ്‍ വാര്‍ഡ് അംഗമാണ് ഫൈസല്‍. കൂടാതെ കൊടുവള്ളി കിംസ് ആശുപത്രി ഡയറക്ടറുമാണ്.

ഈ കേസിലെ ഒന്നാം പ്രതിയായ ഷഹബാസിന്റെ അരക്കോടിയിലേറെ വില വരുന്ന ഔഡി കാര്‍ ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു.
കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണ കടത്തില്‍ പങ്കാളിയായി അറസ്റ്റിലായ പ്രതികളെ ജാമ്യത്തിലിറക്കി ഒളിവില്‍ കൊണ്ട് പോകാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളിലാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഫൈസലിനെ വ്യാഴാഴ്ച രാത്രിയോടെ തന്നെ കൊച്ചിയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി.

കരിപ്പൂര്‍ വിമാനത്താവളം വഴി 2013 നവംബര്‍ 8 ന് 6 കിലോ ഗ്രാമിന്റെ സ്വര്‍ണ്ണകട്ടികള്‍ കടത്തിയ കേസിലാണ് അറസ്റ്റ്.

ഈ കേസില്‍ കൊടുവള്ളി സ്വദേശി ഷഹബാസിന്റെ ബന്ധുവും കൊടുവള്ളിയിലെ എംപിസി ജ്വല്ലറി ഉടമയുമായ അബ്ദുള്‍ ലൈസ് , കണ്ണൂര്‍ അഞ്ചരകണ്ടി സ്വദേശി നെബീല്‍ അബ്ദുള്‍ഖാദര്‍, തലശ്ശേരി സ്വദേശിയായ രാഹില ചീരായി, വയനാട് പുല്‍പ്പള്ളി സ്വദേശി എയര്‍ഹോസ്റ്റസായ ഹീറോമാസ സെബാസ്റ്റ്യന്‍, മലബാര്‍ ഗോള്‍ഡ് ഡയറക്ടറായിരുന്ന മുഹമ്മദ് അഷറഫ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

 

ഫോട്ടോ കടപ്പാട് : മാതൃഭൂമി