കരിപ്പൂര്‍ വിമാനത്താവള വെടിവെപ്പ്‌: 4 സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥര്‍ അറസ്‌റ്റില്‍

calicut airportമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജവാന്റെ കൊലപാതകത്തെ തുടര്‍ന്ന്‌ അരങ്ങേറിയ അക്രമ സംഭവവുമായി ബന്ധപ്പെട്ട്‌ നാല്‌ സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

സിഐഎസ്‌എഫ്‌ ഡെപ്യൂട്ടി കമാന്‍ഡന്റ്‌ ഡാനിയല്‍ ദിനകറിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന്‌ നീക്കി. പകരം ഐജി നേരിട്ട്‌ സുരക്ഷാ ചുമതല ഏറ്റെടുത്തു. സിഐഎസ്‌എഫ്‌ എസ്‌ഐ സീതാറാം ചൗധരിക്കെതിരെ കരിപ്പൂര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയതു.

കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ട്രാഫിക്‌ കണ്‍ട്രോള്‍ റൂമിന്‌ നേരെ അടക്കം അക്രമണം നടത്തിയ കേസിലാണ്‌ നാലു സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥരെ അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. ബിഹാര്‍ സ്വദേശി വിനയ്‌കുമാര്‍ ഗുപ്‌ത, മഹാരാഷ്ട്ര സ്വദേശി റമീഷി ദീപക്‌ യശ്വന്ത്‌, ഉത്തര്‍പ്രദേശ്‌ ലോകേന്ദ്ര സിംഗ,്‌ രാജസ്ഥാന്‍ സ്വദേശി രാഗേഷ്‌ കുമാര്‍ മീണ എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരടക്കം എട്ടുപേരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്‌ തിരിച്ചറിഞ്ഞിരുന്നു.

മലപ്പുറം ഡിവൈഎസ്‌പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടിയിലായവരെ ചോദ്യം ചെയ്‌തു. വിമാനത്താവളത്തില്‍ 54 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയ കേസിലാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.