വിമാന റാഞ്ചല്‍ : കരിപ്പൂരില്‍ മോക്‌ഡ്രില്‍ നടത്തി

CALICUT INTERNATIONAL AIRPORTഎയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മോക്‌ ഡ്രില്‍ നടത്തി. ദേശവിരുദ്ധ പ്രവര്‍ത്തകര്‍ വിമാനം റാഞ്ചിയെടുത്ത്‌ യാത്രക്കാരെ ബന്ദികളാക്കി സര്‍ക്കാരുമായി വിലപേശല്‍ നടത്തുന്ന സാഹചര്യങ്ങളില്‍ എയര്‍പോര്‍ട്ട്‌ ഉദ്യോഗസ്ഥരും മറ്റ്‌ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എങ്ങനെയെല്ലാം പ്രവര്‍ത്തിക്കണം എന്ന്‌ പരിചയപ്പെടുത്തുന്നതിനായാണ്‌ മോക്‌ഡ്രില്‍ നടത്തിയത്‌. വൈകുന്നേരം അഞ്ചിന്‌ ആരംഭിച്ച മോക്‌ഡ്രില്ലില്‍ സെന്‍ട്രല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്‌(സി.ഐ.എസ്‌.എഫ്‌) ഉദ്യോഗസ്ഥര്‍ തന്നെയാണ്‌ വിമാനറാഞ്ചികളായത്‌.

നാല്‌ വിമാന റാഞ്ചികള്‍ വിമാനം തട്ടിയെടുത്ത്‌ 80 യാത്രക്കാരെ ബന്ദികളാക്കി. ബന്ദികളെ മോചിപ്പിക്കാന്‍ 50 ലക്ഷം ഡോളറും തിഹാര്‍ ജയിലിലെ നാല്‌ പ്രതികളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ എയര്‍പോര്‍ട്ട്‌ ഉദ്യോഗസ്ഥര്‍ വിമാന റാഞ്ചികളുമായി ചര്‍ച്ച നടത്തുകയും ഓരോ ഘട്ടത്തിലും മറ്റ്‌ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മോചിപ്പിക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്‌തു. അവസാനം അനുനയ ചര്‍ച്ചകളിലൂടെ വിമാന റാഞ്ചികളുടെ ആവശ്യത്തിന്‌ വഴങ്ങാതെ തന്നെ ബന്ദികളെ മോചിപ്പിച്ചു കൊണ്ടാണ്‌ മോക്‌ഡ്രില്‍ പര്യവസാനിച്ചത്‌.

ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ ഉദ്യോഗസ്ഥര്‍ പ്രാപ്‌തരാണോ എന്ന്‌ പരിശോധിക്കുന്നതിനായി എല്ലാ വര്‍ഷവും മോക്‌ഡ്രില്‍ നടത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച്‌ പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മോക്‌ഡ്രില്ലിനു ശേഷം നടന്ന ചര്‍ച്ചയില്‍ എയര്‍പോര്‍ട്ട്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എയര്‍പോര്‍ട്ട്‌ ഡയറക്‌ടര്‍ കെ. ജനാര്‍ദനന്‍, സി.ഐ.എസ്‌.എഫ്‌ ഡപ്യൂട്ടി കമാന്റന്റ്‌ ഡാനിയല്‍ ധന്‍രാജ്‌ എന്നിവര്‍ മോക്‌ഡ്രില്ലിന്‌ നേതൃത്വം നല്‍കി.