കോഴിക്കോട്‌ വിമാനത്താവളത്തിന്റെ തകര്‍ച്ചക്കു കാരണം അധികാര രാഷ്ട്രീയക്കാരുടെ നപുംസക നിലപാടുകള്‍ എസ്‌ഡിപിഐ

sdpisdpi malabarinewsകൊണ്ടോട്ടി: കാലാകാലങ്ങളായി അധികാരത്തിലിരിക്കുന്ന ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ നപുംസക നിലപാടാണ്‌ കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ച്ചയുടെ വക്കത്തെത്തിച്ചതെന്ന്‌ എസ്‌.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കെ എം അശ്‌റഫ്‌. സ്വകാര്യ ലോബിക്കു വേണ്ടി കോഴിക്കോട്‌ വിമാനത്താവളം തകര്‍ക്കരുതെന്നാവശ്യപ്പെട്ട്‌ എസ്‌.ഡി.പി.ഐ കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച ദേശീയപാത ഉപരോധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം റണ്‍വെയുടെ പരിപൂര്‍ണ വികസനത്തിനായി വെറും ആറു മാസത്തോളമാണ്‌ അടച്ചിട്ടത്‌. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ ദുബയ്‌ അന്താരാഷ്ട്ര വിമാനത്താവളം വെറും മൂന്നുമാസം കൊണ്ടാണ്‌ റണ്‍വെ വികസനമടക്കമുള്ള അറ്റകുറ്റപ്പണികള്‍ തീര്‍ത്തത്‌. കോഴിക്കോട്‌ വിമാനത്താവളത്തിന്റെ റണ്‍വെ വികസിപ്പിക്കാന്‍ ലോകത്തെങ്ങും കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ ഒന്നര മുതല്‍ രണ്ടു വര്‍ഷം വരെ സമയമെടുക്കുമെന്ന അധികൃത നിലപാടില്‍ ദുരൂഹതയുണ്ട്‌. സ്വകാര്യ വിമാനത്താവള ലോബികള്‍ക്കു വേണ്ടി പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട്‌ വിമാനത്താവളം തകര്‍ക്കാനുള്ള ഗൂഡാലോചനയാണ്‌ നടക്കുന്നത്‌.
.
എസ്‌.ഡി.പി.ഐ ജില്ലാ പ്രസിഡന്റ്‌ വി ടി ഇക്‌റാമുല്‍ഹഖ്‌, ജില്ലാ വൈസ്‌പ്രസിഡന്റ്‌ അഡ്വ. സാദിഖ്‌ നടുത്തൊടി, ജില്ലാ സെക്രട്ടറി കൃഷ്‌ണന്‍ എരഞ്ഞിക്കല്‍, എസ്‌.ഡി.ടി.യു സംസ്ഥാന സെക്രട്ടറി നൗഷാദ്‌ മംഗലശ്ശേരി, പി പി ഷൗക്കത്തലി, അശ്‌റഫ്‌ ഒളവട്ടൂര്‍ സംസാരിച്ചു. ഫൈസല്‍ ആനപ്ര, പി ഹനീഫഹാജി, കെ അബ്ദുനാസര്‍, വി എം ഹംസ, സി അക്‌ബര്‍ അലി, അരീക്കന്‍ ബീരാന്‍കുട്ടി, എം ടി മുഹമ്മദ്‌ നേതൃത്വം നല്‍കി.