കോഴിക്കോട്‌ കടലാക്രമണം രൂക്ഷം

Story dated:Monday May 18th, 2015,02 45:pm
sameeksha sameeksha

Tanur Sea (3) copyകോഴിക്കോട്‌: കോഴിക്കോട്‌ വിവിധയിടങ്ങളില്‍ കടലാക്രമണം രൂക്ഷം. നൈനാംവളപ്പില്‍ കോതീബീച്ചില്‍ ശക്തമായ കടലാക്രമണത്തില്‍ ആറുവീടുകള്‍ തകര്‍ന്നു. രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെയാണ്‌ ശക്തമായ കടല്‍ക്ഷോഭം ഉണ്ടായത്‌.

സിവി ഹൗസില്‍ റുഖിയാബി, എന്‍വി ഹൗസിലെ കോയമോന്‍, സൈതലവി, എന്‍വി റഹീം, നൗഷാദ്‌, മുഹമ്മദ്‌ എന്നിവരുടെ വീടുകള്‍ക്കാണ്‌ കേടുപാടുകള്‍ സംഭവിച്ചത്‌. വീടിന്റെ അടുക്കളഭാഗം തകര്‍ന്നു വീണു പരിക്കേറ്റ സിവി ഹൗസിലെ റുഖിയാബി(55)യെയും മകള്‍ റസിയ(38)യെയും കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ശക്തമായ കടലാക്രമണം തുടരുന്നതിനാല്‍ പരിസരത്തെ ഭീഷണി നേരിടുന്ന 25 കുടുംബങ്ങളെ പള്ളിക്കണ്ടി ജിവിഎച്ച്‌എസ്‌എസിലേക്ക്‌ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്‌. 45 വീടുകളാണ്‌ പ്രദേശത്ത്‌ കടലാക്രമണ ഭീഷണി നേരിടുന്നത്‌.

ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ നിര്‍ദേശപ്രകാരം ഡപ്യൂട്ടി കലക്ടര്‍ ഹിമാന്‍ഷുകുമാര്‍ റായ്‌ ആണ്‌ നടപടികള്‍ സ്വീകരിച്ചത്‌. ഇവിടുത്തെ വീടുകള്‍ പരിശോധന നടത്തിയ ശേഷം സര്‍ക്കാറിന്‌ റിപ്പോര്‍ട്ടു നല്‍കുമെന്നും ഡപ്യൂട്ടി കലക്ടര്‍ പറഞ്ഞു.