സി കെ വിനീതിന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി നിയമനം; പി.യു ചിത്രക്ക് ധനസഹായം

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി കെ വിനീതിന് സെക്രട്ടരിയേറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അത്‌ലറ്റിക് താരം പി യു ചിത്രയ്ക്ക് പരിശീലനത്തിനായി 25,000 രൂപ നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഹാജര്‍കുറഞ്ഞതിന്റെ പേരില്‍ ഏജീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലണ് പുതിയ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എലൈറ്റ് വിഭാഗത്തില്‍പ്പെടുത്തിയാണ് ചിത്രയ്ക്ക് ധനസഹായം നല്‍കുക. അന്താരാഷ്ട്ര താരമായട്ടും സാമ്പത്തിക പരാതീനതകള്‍ ചിത്രയ്ക്കുണ്ടെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രവുമല്ല ഭക്ഷണത്തിനുള്ള അലവന്‍സായി 500 രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ചിത്രയെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാതിരുന്നത് വലിയ വിവാദമായിരുന്നു.