സി.കെ വിനീതിന് ജോലി നല്‍കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ഫുഡ്‌ബോള്‍ താരം സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിനീതിന് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കായിക താരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്നും കേന്ദ്രകായിക വകുപ്പ് മന്ത്രി വിജയ് ഖോയല്‍ ഇടപെട്ട് നടപടി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി പറഞ്ഞു. കായിക വകുപ്പ് മന്ത്രി എ സി മൊയ്തീനും വിനീതിന് ജോലി നല്‍കുമെന്ന് പറഞ്ഞിരുന്നു.

മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയാണ് എജീസ് ഓഫീസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്ന് സി.കെ വിനീതിനെ പിരിച്ചുവിട്ടത്. അതെസമയം താന്‍ ജോലിക്ക് വേണ്ടി കളി ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്നും വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു.