സി ഇ ടി അപകടം;പ്രധാന പ്രതി കീഴടങ്ങി

CET22തിരുവനന്തപുരം: കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങില്‍ ഓണാഘോഷത്തിനിടെ സഹപാഠികള്‍ ഓടിച്ച ജീപ്പിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രധാന പ്രതി കീഴടങ്ങി. അപകടസമയത്ത്‌ ജീപ്പ്‌ ഓടിച്ചിരുന്ന ബൈജു കെ ബാലകൃഷ്‌ണനാണ്‌ കീഴടങ്ങിയത്‌. ഇന്ന്‌ പുലര്‍ച്ചെ മൂന്ന്‌ മണിയോടെയായിരുന്നു കീഴടങ്ങിയത്‌. തിരുവനന്തപുരം മെഡിക്കല്‍ കോളോജ്‌ പോലീസ്‌ സ്‌റ്റേഷനിലാണ്‌ കീഴടങ്ങിയത്‌. ശംഖുമുഖം അസി.കമ്മീഷണറാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ബൈജുവിന്റെ ബന്ധുക്കളെ സ്റ്റേഷനിലേക്ക്‌ വിളിച്ചുവരുത്തിയതിന്‌ പിന്നാലെയാണ്‌ പോലീസില്‍ കീഴടങ്ങിയത്‌. തെളിവെടുപ്പിനായി ബൈജുവിനെ രാവിലെ സി. ഇ. ടിയില്‍ എത്തിക്കും.

അപകടം നടന്ന അന്നുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ബൈജുവിനെ കൂടാതെ പതിനെട്ടോളം പ്രതികളാണ്‌ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌.

ഓണാഘോഷങ്ങള്‍ക്കിടെ ബുധനാഴ്‌ചയാണ്‌ വാഹനമിടിച്ച്‌ മലപ്പുറം വഴിക്കടവ്‌ സ്വദേശിനി തസ്‌നി ബഷീറിന്‌ ഗുരുതരമായി പരിക്കേറ്റത്‌. വ്യാഴാഴ്‌ച്ച രാത്രി തസ്‌നി മരണപ്പെടുകയും ചെയ്‌തു. ഓണാഘോങ്ങള്‍ക്കിടെ കോളേജ്‌ ക്യാമ്പസിനകത്ത്‌ വിദ്യാര്‍ത്ഥികള്‍ വാഹനറാലി നടത്തുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌.

മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനിയറിങ്‌ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച തസ്‌നി ബഷീര്‍.