ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക 28 ന് പ്രസിദ്ധീകരിക്കും

തിരൂരങ്ങാടി: പൊന്നാനി നഗരസഭ വാര്‍ഡ് ഏഴ് വെല്‍ഫെയര്‍, മംഗലം പഞ്ചായത്ത് വാര്‍ഡ് ഒമ്പത് വാളമരുതൂര്‍ വെസ്റ്റ്, തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 കക്കാട് എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക ഏപ്രില്‍ 28 ന് പ്രസിദ്ധീകരിക്കും. താലൂക്ക് – വില്ലേജ് – പഞ്ചായത്ത് ഓഫീസുകളില്‍ കരട് വോട്ടര്‍ പട്ടിക പരിശോധിക്കാം. സ്ഥലം മാറി പോയവര്‍, മരിച്ചവര്‍, ദീര്‍ഘകാലമായി സ്ഥലത്തില്ലാത്തവര്‍ എന്നിവരെ ഒഴിവാക്കി ശ്രദ്ധാപൂര്‍വം വോട്ടര്‍പട്ടിക തയ്യാറാക്കണമെന്ന് ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്റ്റര്‍ എം.മുഹമ്മദ് ബഷീര്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ മെയ് 13 നകം നല്‍കണം. ഇതിന് മുന്‍പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരും. അന്തിമ പട്ടിക ജൂണ്‍ ആറിന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസ് സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് തോന്നിയാല്‍ മുന്‍കൂട്ടി ഇലക്ഷന്‍ വിഭാഗത്തില്‍ അപേക്ഷ നല്‍കാം. നഗരസഭ – ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, അസി. സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.