നവംബര്‍ ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

തൃശൂര്‍: മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. നവംബര്‍ ഒന്നുമതല്‍ സമരം തുടങ്ങാനാണ് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മിനിമം ബസ് ചാര്‍ജ്ജ് 8 രൂപയാണ്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ മിനിമം അഞ്ച് രൂപയാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

ഇതിനുപുറമെ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററാക്കി കുറയ്ക്കണം, ഡീസല്‍ വിലയില്‍ ഇളവ് ഏര്‍പ്പെടുത്തണം, സ്വകാര്യ ബസുകളെ വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണം തുടങ്ങിയവയാണ് ബസ് ഉടമകള്‍ മുന്നോട്ട് വയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍.

കഴിഞ്ഞ മാര്‍ച്ചിലാണ് ബസ് നിരക്ക് അവസാനം വര്‍ധിപ്പിച്ചത്. അന്ന് ഡീസലിന് 62 രൂപയായിരുന്നു. എന്നാല്‍ പിന്നീട് ഇന്ധനവിലയില്‍ 18 രൂപയോളം വര്‍ധനവാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. ഇതേ കാരണത്താല്‍ നേരത്തെ സംസ്ഥാനത്തെ രണ്ടായിരത്തിലധികം സ്വകാര്യ ബസുകള്‍ സര്‍വ്വീസ് അവസാനിപ്പിച്ചിരുന്നു.