പെരിന്തല്‍മണ്ണക്ക് സമീപം ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്ക്

accidentമലപ്പുറം: പെരിന്തല്‍മണ്ണക്ക് സമീപം അരിപ്ര പള്ളിപ്പടിയില്‍ ബസ് നിര്‍മാണത്തിലിരിക്കുന്ന പള്ളി മിനാരത്തിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പെരിന്തണ്ണയില്‍ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ എല്‍ 53 ഡി 4616 ക്ലാസിക് ബസാണ് അപകടത്തില്‍പ്പെട്ടത്.

മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന റിറ്റ്‌സ് കാറിലിടിക്കുകയും നിയന്ത്രണം വിട്ട് നിര്‍മാണത്തിലിരിക്കുന്ന അരിപ്ര ജുമുഅത്ത് പള്ളിയുടെ ഗേറ്റിനോടനുബന്ധിച്ചുള്ള മിനാരത്തിലേക്ക് ഇടിച്ച് കയറി മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പത്ത് മീറ്ററിലധികം ഉയരമുള്ള രണ്ട് മിനാരങ്ങള്‍ ബസിന് മേലേക്ക് പതിക്കുകയും വലിയ കോണ്‍ഗ്രീറ്റ് സ്ലാബടക്കം ബസിന് മേലെ തകര്‍ന്ന് വീഴുകയും ചെയ്തു.

സ്‌കൂള്‍, ട്യൂഷന്‍ വിദ്യാര്‍ഥികളും ഇതര സംസ്ഥാനക്കാരായ നിരവധി തൊഴിലാളികളും ബസിലുണ്ടായിരുന്നു.

അപകടത്തെ തുടര്‍ന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചിട്ടുണ്ട്.