ഈജിപ്തില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; മരണം 4

download (1)കൊയ്‌റോ: മുസ്ലിം ബ്രദര്‍ഹുഡിനെ ഈജിപ്തില്‍ ഭീകര സംഘടനായി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷമാകുന്നു. ബ്രദര്‍ഹുഡ് അനുകൂലികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. എണ്‍പത്തി ഏഴോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് ശേഷം സൈന്യത്തിന്റെ മുന്നറിയിപ്പ് ലംഘിച്ച് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടുകയായിരുന്നു.

അതെസയം ഈജിപ്തിലാകെ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ വനിതകളുള്‍പ്പെടെ 286 പേരെ സേന അറസ്റ്റ് ചെയ്തു. തടവിലായവര്‍ക്ക് 5 വര്‍ഷം മുതല്‍ ജീവപര്യന്തം തടവുവരെ ശിക്ഷ വിധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഏറെ വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുസ്ലീം ബ്രദര്‍ഹുഡിനെ സൈനിക പിന്തുണയുള്ള ഇടക്കാല ഭരണകൂടമാണ് കഴിഞ്ഞ ദിവസം ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.