ക്വാറി കോഴ; എസ്‌പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ കേസ്‌

Rahul-R-Nairതിരു: ക്വാറി ഉടമയില്‍ നിന്ന്‌ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പത്തനംതിട്ട മുന്‍ എസ്‌പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. കഴിഞ്ഞ ഏപ്രിലില്‍ അടച്ചുപൂട്ടിയ ക്വാറി ഉടമയില്‍ നിന്ന്‌ 17 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ്‌ പരാതി. തിരുവന്തപുരം എസ്‌പിക്കാണ്‌ അന്വേഷണ ചുമതല.

ആരോപണം സംബന്ധിച്ച പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ്‌ ഡയറക്ടര്‍ വിന്‍സന്റ്‌ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‌ കൈക്കൂലി വാങ്ങിയത്‌ സംബന്ധിച്ച്‌ വ്യക്തമായ തെളിവ്‌ ലഭിച്ചിട്ടുണ്ടെന്ന്‌ ആഭ്യന്തര വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയാണ്‌ കേസെടുക്കാന്‍ നിര്‍ദേശിച്ചത്‌.

ഏപ്രിലില്‍ അടച്ചുപൂട്ടിയ ക്വാറി ദിവസങ്ങള്‍ക്കുള്ളില്‍ അന്നത്തെ എസ്‌പിയായിരുന്ന രാഹുല്‍ ആര്‍ നായര്‍ തുറന്നുകൊടുത്തത്‌ കൈക്കൂലി വാങ്ങിയായിരുന്നെന്നാണ്‌ ആരോപണം. ഇക്കാര്യം സംബന്ധിച്ച്‌ ക്വാറി ഉടമ വിജിലന്‍സിനോടും തിരുവനന്തപുരം റേഞ്ച്‌ ഐജിയോടും പരാതിപ്പെട്ടിരുന്നു.

അതെസമയം മനോജ്‌ അബ്രഹാം, ശ്രീലേഖ ഐപിഎസ്‌ എന്നിവര്‍ക്കെതിരെയും രാഹുല്‍ അന്വേഷണ സംഘത്തിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ക്വാറി തുറന്നു കൊടുക്കാന്‍ ഇവരാണ്‌ തന്നോട്‌ ആവശ്യപ്പെട്ടതെന്ന്‌ രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്‌.