വലിയവരുടെ ചെറിയ കഥകളുടെ പുസ്‌തകം

വായന

ലേകപ്രശസ്‌തരുടെ മിനിക്കഥകള്‍ (കഥതകള്‍)
പരിഭാഷ: വൈക്കം മുരളി
പ്രസിദ്ധീകരണം: പാപ്പിയോണ്‍
പേജ്‌: 145
വില: 100

  വലിയവരുടെ ചെറിയ കഥകളുടെ പുസ്‌തകം
സുള്‍ഫി

കഥപറച്ചിലിന്‌ മനുഷ്യന്റെ ഭാഷാജീവിതത്തോളം പഴക്കമുണ്ടാകണം. ഒരു പക്ഷേ അതിനു മുമ്പേ ഭാഷയില്ലാതെയും കഥകള്‍ കൈമാറിയിട്ടുമുണ്ടാകണം. കഥയിലൂടെ കൈമാറിയ ആശയങ്ങളുടെയും സങ്കല്‌പങ്ങളുടെയും പരിണതിയുമാകണം സമൂഹത്തിന്റെ വികാസത്തിന്റെ ഊര്‍ജ്ജസ്രോതസ്സുകളിലൊന്ന്‌. കാര്യങ്ങള്‍ പോലും കഥകളായ്‌ത്തീരുന്ന ഒരുകാലത്തിലേക്കുള്ള കഥയുടെ വളര്‍ച്ച അങ്ങനെ ഒരു സ്വാഭാവിക പരിണാമവുമായിത്തീരുന്നു.
കഥയ്‌ക്ക്‌ വലിപ്പച്ചെറുപ്പം ഒരു തടസ്സമേയല്ല. പറയാന്‍ ഒരു കഥയുണ്ടായിരിക്കുക എന്നതാണ്‌ കാര്യം. ചിലപ്പോള്‍ ചില കഥകള്‍ പറഞ്ഞുപറഞ്ഞ്‌ വലുതായിപ്പോവുകയും മറ്റുചിലപ്പോള്‍ കഥ അടക്കിപ്പറഞ്ഞ്‌ ചെറുതായിത്തീരുകയും ചെയ്യുന്നത്‌, കഥയുടെ കാതലും പറയുന്നവരുടെ കയ്യടക്കവുംപോലിരിക്കും. എങ്കിലും നല്ല കഥകള്‍ വലിയകഥകളാണമെന്നില്ല; മറിച്ചും. മുല്ലപ്പൂപോലെ സുഗന്ധികളായ പൂക്കള്‍ പലതും ചെറുതാകുന്നതുപോലെ പലപ്പോഴും നല്ല കഥകളും ചെറുതായിത്തീരുന്നു. പറയേണ്ടതുമാത്രം പറഞ്ഞ്‌ കാമ്പുള്ള കഥയായിത്തീരുന്ന സൂത്രം.

Untitled-1 copyകഥയെ ചെറുകഥയാക്കുന്നതും മിനിക്കഥയാക്കുന്നതും സ്വാഭാവികമായും എഴുത്തിന്റെ നീളമാണ്‌. ഗുണത്തെനിര്‍ണ്ണയിക്കാന്‍ പക്ഷേ ഈ വലിപ്പച്ചെറുപ്പം മാനദണ്‌ഡമാകേണ്ടതില്ല. ഏണസ്റ്റ്‌ ഹെമിംഗ്‌വേയെപ്പോലുള്ള പല പ്രഗത്ഭരും ഒന്നോ രണ്ടോ വരിയില്‍ മനോഹരവും കരുത്തുറ്റതുമായ നല്ല കഥകള്‍ എഴുതിയിട്ടുണ്ട്‌. (ഏറെ പ്രശസ്‌തമായ, ഹെമിംഗ്‌വേയുടെ `ദ ഓള്‍ഡ്‌ മാന്‍ ആന്റ്‌ ദ സീ’യും ബഷീറിന്റെ `ബാല്യകാല സഖി’യുമെല്ലാം മറ്റേത്‌ നോവലിനേക്കാളും ചെറുതാണെന്നതാണെന്നതും ശ്രദ്ധേയമാണ്‌.) `അതുപറയാന്‍ ഇത്രമതി’ എന്ന തിരിച്ചറിവ്‌. പക്ഷേ മലയാളത്തില്‍ മിക്കപ്പോഴും അറിഞ്ഞോ അറിയാതെയോ, മിനിക്കഥകള്‍ക്ക്‌ ഫലിതബിന്ദുക്കളുടെ ഘടനയും സ്വഭാവവുമാണ്‌.

മലയാളത്തിലേക്ക്‌ നിരവധി അന്യഭാഷാ കൃതികള്‍ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്‌; പ്രത്യേകിച്ച്‌ വിദേഷഭാഷാ കൃതികള്‍. എന്നാല്‍ `മിനിക്കഥ’ എന്ന്‌ പറയാവുന്ന കഥകളുടെ പരിഭാഷ ഉണ്ടായിട്ടില്ല. പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച `ലോകപ്രശസ്‌തരുടെ മിനിക്കഥകള്‍’ എന്ന പുസ്‌തകം ആ `പോരായ്‌മ’ പരിഹരിക്കുകയാണ്‌. ലോകപ്രശസ്‌തരും മറ്റുപല കൃതികളിലൂടെയും വായനക്കാര്‍ക്ക്‌ സുപരിചിതരുമായ കവികളും കഥാകാരന്മാരും നോവലിസ്റ്റുകളും മറ്റുമായ കസന്‍ദ്‌ സാക്കീസ്‌, മാര്‍ക്വിസ്‌, ഒക്‌ടോവിയോ പാസ്‌, പാബ്ലോ നെരൂദ, ഹെര്‍മ്മന്‍ മുള്ളര്‍, ചാള്‍സ്‌ ബോദ്‌ലയര്‍, റഷീദ്‌ അല്‍ ദെയ്‌ഫ്‌, മാര്‍ക്‌ യാഷിക്‌, യൂറി ഒലെഷാ, സുഹറ സെയ്‌ദ്‌ തുടങ്ങി പല ഭാഷകളില്‍നിന്നും നാല്‍പത്‌ എഴുത്തുകാരുടെ ചെറിയ കഥകളാണ്‌ ഈ പുസ്‌തകത്തില്‍. പ്രമേയങ്ങളുടെ വലിപ്പം പലപ്പോഴും കഥകളുടെ ചെറുപ്പത്തെ മറികടക്കുന്നുണ്ട്‌. ഓരോ കഥയ്‌ക്കും ശേഷം എഴുത്തുകാരനെക്കുറിച്ച്‌ ഒരു ലഘു വിവരണം നല്‍കിയത്‌ നന്നായി.

ഒരു ഭാഷയില്‍നിന്ന്‌ മറ്റൊരു ഭാഷയിലേക്ക്‌ എന്ത്‌ വിവര്‍ത്തനം ചെയ്യുമ്പോഴും ഭാഷയ്‌ക്കതീതമായി വിഷയത്തിന്റെ ഒരു പാരസ്‌പര്യത്തിന്‌ വിവര്‍ത്തകന്‌ കഴിയേണ്ടതുണ്ട്‌. ആ പാരസ്‌പര്യത്തിലാണ്‌ വിവര്‍ത്തനത്തിന്റെ സൗന്ദര്യം. ആ അര്‍ത്ഥത്തില്‍ ഈ പുസ്‌തകത്തിലെ കഥകളുടെ പരിഭാഷ മികച്ചതാണ്‌. നിരവധി വിശ്വസാഹിത്യ കൃതികളെ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയ വൈക്കം മുരളിയാണ്‌ പരിഭാഷനിര്‍വ്വഹിച്ചിരിക്കുന്നത്‌.
മിനിക്കഥകളെന്നാണ്‌ ഇതിലെ കഥകളെ വിശിഷിപ്പിച്ചിരിക്കുന്നതെങ്കിലും മലയാളത്തിലെ മിനിക്കഥകള്‍പോലെ നന്നേ ചെറുതല്ല ഈ പുസ്‌തകത്തിലെ ഭൂരിഭാഗം കഥകളും. നല്ല കഥകളുടെ വായന ആഗ്രഹിക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും ഈ പുസ്‌തകം സംതൃപ്‌തി നല്‍കും.

*