പാകിസ്ഥാനില്‍ ചാവേറാക്രമണം, എട്ട് പേര്‍ കൊല്ലപ്പെട്ടു

pakistani-policemenലാഹോര്‍: ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പാകിസ്ഥാനില്‍ വീണ്ടും ചാവേറാക്രമണം. ലാഹോറിലെ ഖ്വില ഗുജര്‍ സിങിലെ പൊലീസ് കോപ്ലക്‌സിന് സമീപമുണ്ടായ ചാവേറാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഖ്വില ഗുജര്‍ സിങിലെ തിരക്കുള്ള പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് ചാവേറാക്രമണം നടന്നത്.

പൊലീസ് കോപ്ലക്‌സിന് എതിര്‍വശത്തുള്ള ഹോട്ടലില്‍ നിന്നും വന്ന ചാവേറാണ് പൊട്ടിത്തെറിക്കുകയായിരുന്നു . ചുറ്റും നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ക്കും ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശക്തമായ സ്‌ഫോടനമാണ് നടന്നതെന്ന് പാകിസ്താനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ പ്രദേശത്തെ കെട്ടിടങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടു.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് നിന്നും സുരക്ഷാ ജീവനക്കാര്‍ ജനങ്ങളെ ഒഴിപ്പിച്ചു.പാകിസ്ഥാന്‍ റെയില്‍വേയുടെ ആസ്ഥാനവും പ്രസ് ക്ലബ്ബും സ്‌ഫോടനം നടന്ന സ്ഥലത്തിന് അടുത്താണ്. സ്‌ഫോടന പ്രദേശത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.