കറാച്ചിയില്‍ ഭീകരാക്രമണം: 43 പേര്‍ കൊല്ലപ്പെട്ടു

Pak_busattack-Bകറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ ഷിയാ മുസ്ലീങ്ങള്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ വെടിവയ്പില്‍ 43 പേര്‍ കൊല്ലപ്പെട്ടു. ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ബസിനു നേരെ തുരുതുരാ നിറയൊഴിച്ചത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ താലിബാന്‍ ഏറ്റെടുത്തു.

കറാച്ചിയിലെ ഇസ്മയിലിലെ ഷിയാ മുസ്ലീം ആരാധനാ കേന്ദ്രമായ അല്‍ അസഹര്‍ ഗാര്‍ഡന്‍ കോളനിയിലേക്ക് പോയ ബസാണ് സഫൂറ ഗോത് പ്രദേശത്ത് വച്ച് ആക്രമിക്കപ്പെട്ടത്. ബൈക്കുകളിലെത്തിയ സംഘം ബസ് തടഞ്ഞു നിര്‍ത്തിയ ശേഷം ആദ്യം ഡ്രൈവറെ വെടിവച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് ബസിനകത്തേക്ക് ഇരച്ചുകയറിയ തീവ്രവാദികള്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ഷിയാ മുസ്ലീങ്ങള്‍ സുന്നി തീവ്രവാദികളില്‍ നിന്നും താലിബാനില്‍ നിന്നും കടുത്ത ആക്രമണങ്ങള്‍ നേരിടുന്നതാണ്. ഷിയാ വിഭാഗക്കാരുടെ നിരവധി പള്ളികള്‍ അടുത്തിടെ താലിബാന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നിരുന്നു.