കള്ളപ്പണ രേഖകള്‍ പുറത്ത്‌; ബച്ചനും ഐശ്വര്യയും പട്ടികയില്‍

Amitabh Bachchan-Aishwarya Raiദില്ലി: കള്ളപ്പണം വെളുപ്പിക്കുന്നതിന്‌ സഹായിക്കുന്ന കമ്പനി മൊസാക്‌ ഫൊന്‍സെകയുടെ നിര്‍ണ്ണായക രേഖകള്‍ ചോര്‍ന്നു. പനാമയില്‍ ബാങ്ക് അക്കൗണ്ടുള്ള 500 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത്. ഇതില്‍ പ്രമുഖരായ ഇന്ത്യന്‍ വ്യകതികളുടെ പേരുമുണ്ട്.  ഇന്ത്യക്കാരുടെ പട്ടികയില്‍ നടന്‍ അമിതാഭ് ബച്ചന്‍, നടി ഐശ്വര്യാ റായ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി തുടങ്ങിയ പ്രമുഖരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

ദില്ലി ആസ്ഥാനമായുള്ള ഡിഎല്‍എഫ്‌ ചെയര്‍മാന്‍ കെപി സിംഗും പട്ടികയിലുണ്ട്. വ്യാജ അക്കൗണ്ടുകളിലായാണ് ഇവര്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ,​ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, അർജന്റീനയുടെ ഫുട്ബോൾ താരം ലയണൽ മെസി തുടങ്ങിയവർക്കും ഇവിടെ കള്ളപ്പണ നിക്ഷേപമുണ്ട്. പന്ത്രണ്ട് രാഷ്ട്രത്തലവന്മാർ അടക്കം 140 പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് പട്ടികയിലുള്ളത്.

234 പാസ്‌പോര്‍ട്ടുകളും പണം നിക്ഷേപിച്ചതിന്റെ ഭാഗമായി മൊസാക് ഫൊന്‍സേകയില്‍ ഇവര്‍ കൈമാറ്റം ചെയ്തിട്ടുണ്ട്. ലോകത്തെ പല കമ്പനി ഉടമകൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഇവിടെ നേരിട്ടോ ബിനാമി പേരിലോ കള്ളപ്പണ നിക്ഷേപമുണ്ട്. ഇന്ത്യന്‍ എക്സ്‍പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.