രാജ്യത്ത് മോഡി തരംഗമില്ല; മുരളി മനോഹര്‍ ജോഷി

1397416710zദില്ലി : രാജ്യത്ത് മോഡിതരംഗമെന്നത് ഇല്ലെന്നും ബിജെപി തരംഗമാണ് ഉള്ളതെന്നും മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു. ബിജെപിക്ക് അനുകൂലമായ ഘടകം എന്നത് ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് ഉള്ളതല്ലെന്നും അതുകൊണ്ട് തന്നെ രാജ്യത്ത് മോഡി തരംഗം ആണെന്ന് പറയുന്നതിനോട് തനിക്ക് യാതൊരു യോജിപ്പും ഇല്ലെന്നും മനോഹര്‍ ജോഷി തുറന്നടിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഡിക്കെതിരെ മനോഹര്‍ ജോഷി ആഞ്ഞടിച്ചത്.

വികസനകാര്യത്തില്‍ ഗുജറാത്ത് മാത്രമല്ല രാജ്യത്ത് മാതൃകയെന്നും അതുകൊണ്ട് തന്നെ അധികാരത്തിലെത്തിയാല്‍ ഗുജറാത്ത് മാതൃക രാജ്യത്ത് അതേപടി നടപ്പാക്കാന്‍ ആകില്ലെന്നും, ഓരോ സംസ്ഥാനങ്ങളിലും അവിടത്തെ സംസ്‌കാരത്തിന് അനുസരിച്ചായിരിക്കണം വികസനം നടപ്പാക്കേണ്ടതെന്നും മദ്ധ്യപ്രദേശ്, ത്രിപുര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെയും നല്ല മാതൃകങ്ങള്‍ സ്വീകരിക്കാനാവാന്നതാണെന്നും ജോഷി പറഞ്ഞു.

ജസ്വന്ത്‌സിംഗ് പാര്‍ട്ടിവിട്ട് പോകാനുണ്ടായ സാഹചര്യത്തെയും ജോഷി വിമര്‍ശിച്ചു. ജസ്വന്ത്‌സിംഗ് പാര്‍ട്ടി വിടാനുള്ള സാഹചര്യത്തെ നേതൃത്വം നേരത്തെ തന്നെ ഒഴിവാക്കേണ്ടത് ആയിരുന്നുവെന്നും മനോഹര്‍ ജോഷി പറഞ്ഞു. കൂടാതെ ജസ്വന്ത്‌സിംഗിന് സീറ്റ് നിഷേധിച്ച കാര്യം തെരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചിരുന്നില്ലെന്നും ജോഷി പറഞ്ഞു.