ബിഷപ്പിനെ നികൃഷ്ട ജീവിയോട് ഉപമിച്ച പ്രസ്താവന; ബല്‍റാമിനെതിരെ ഡീന്‍

Balram-Deanഇടുക്കി : നികൃഷ്ട ജീവിയോട് ഇടുക്കി ബിഷപ്പിനെ ഉപമിച്ച പ്രസ്താവനയിറക്കിയ വിടി ബല്‍റാമിനെതിരെ ഡീന്‍ കുര്യാക്കോസ്. ബല്‍റാമിന്റെ പ്രസ്താവന അനവസരത്തിലാണെന്നും ഇടുക്കി രൂപതയുമായി കോണ്‍ഗ്രസ്സിന് പ്രശ്‌നമില്ലെന്നും മാധ്യമങ്ങള്‍ പോയ ശേഷം ഇടുക്കി ബിഷപ്പുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

നികൃഷ്ട ജീവിയെന്ന പദം യുഡിഎഫുകാരുടെ ശബ്ദാവലിയില്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും സ്‌നേഹിക്കുന്നവര്‍ വിമര്‍ശിക്കുന്നത് തെറ്റു തിരുത്താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ ഇടുക്കി ബിഷപ്പിനെ വിമര്‍ശിച്ച് മന്ത്രി കെസി ജോസഫ് രംഗത്തെത്തി. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കേസിനെ ശാസിക്കരുതായിരുന്നു എന്നും കെസി ജോസഫ് പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിച്ച ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഫേസ്ബുക്കിലൂടെ വിടി ബല്‍റാം പ്രതികരിച്ചത്. വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ ഇപ്പോഴും ഉണ്ടെന്നായിരുന്നു ബല്‍റാം തന്റെ ഫേസ് ബുക്ക് വാളിലൂടെ പ്രതികരിച്ചത്.