പക്ഷിപ്പനിക്ക്‌ കാരണം എച്ച്‌5 എന്‍1 വൈറസ്‌

ducks-alappyദില്ലി: പക്ഷിപ്പനിക്ക്‌ കാരണം എച്ച്‌5 എന്‍1 വൈറസാണെന്ന്‌ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതാണ്‌ സ്ഥിരീകരണം. ഈ വൈറസ്‌ മുനുഷ്യരിലേക്ക്‌ പരക്കാന്‍ സാധ്യതയുള്ളതാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി ബാധിതമേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. രോഗം റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന്‌ സംസ്‌കരിക്കാനാണ്‌ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അഞ്ച്‌ അംഗങ്ങള്‍ വീതമുള്ള പത്ത്‌ സംഘങ്ങളാണ്‌ ഇന്ന്‌ പക്ഷികളെ കൊല്ലാനായി രംഗത്തെത്തിയത്‌.

ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം അനുസരിച്ച്‌ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ പോലീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇന്നലെ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായ എതിര്‍പ്പ്‌ സംഘര്‍ഷത്തിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ പോലീസിന്റെ സഹായത്തോടെയായിരിക്കും ഇന്ന്‌ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്‌.

ആലപ്പുഴ ജില്ലയിലെ അഞ്ച്‌ സ്ഥലങ്ങളിലാണ്‌ പക്ഷിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.