പക്ഷിപ്പനി;കോട്ടയത്ത് 517 താറാവുകള്‍കൂടി ചത്തു

കോട്ടയം: പക്ഷിപ്പനിയെ തുടര്‍ന്ന് താറാവുകള്‍ കൂട്ടമായി ചാകുന്നത് തുടരുന്നു. കോട്ടയം ജില്ലയില്‍  517 താറാവുകള്‍കൂടി ചത്തു.  ഇതോടെ ജില്ലയില്‍ മൊത്തം ചത്ത താറാവുകളുടെ എണ്ണം 3000 കടന്നു.

കുമരകം, അയ്മനം, ആര്‍പ്പൂക്കര മേഖലകളില്‍ നൂറുകണക്കിന് താറാവുകളില്‍ രോഗലക്ഷണമുണ്ട്. പ്രാഥമികപരിശോധനയില്‍ പക്ഷിപ്പനിയാണെന്ന് കണ്ടത്തെിയെങ്കിലും ഭോപ്പാലിലെ പക്ഷിരോഗ നിര്‍ണയ ലാബിലേക്കയച്ച സാമ്പിളുകളുടെ ഫലം വന്നാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം ശേഖരിച്ച 12 സാമ്പിളുകള്‍ വെള്ളിയാഴ്ച വിമാനത്തില്‍ ഭോപ്പാലില്‍ എത്തിച്ചെങ്കിലും ഇതുവരെ ഫലം നല്‍കിയിട്ടില്ല.  ദീപാവലി അവധിയായതിനാല്‍ തിങ്കളാഴ്ചയോടെ മാത്രമേ ഇതിന്‍െറ ഫലം ലഭിക്കൂ. അതിനുശേഷമേ മറ്റ് താറാവുകളെ കൂടി നശിപ്പിക്കണമോയെന്ന തീരുമാനം കൈക്കൊള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ചത്ത താറാവുകളെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുഴിച്ചുമൂടി.