ബിജു രമേശന്റെ ആരോപണങ്ങള്‍ തള്ളി കെ ബാബു

babuതിരുവനന്തപുരം: ബാറുടമ ബിജു രമേശ് തനിക്കെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ തള്ളി എക്‌സൈസ് മന്ത്രി കെ ബാബു രംഗത്ത്. ബിജു രമേശ് പ്രതിപക്ഷത്തിന്റെ കൈയിലെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജുവിന്റെ ശ്രമം. കഴിഞ്ഞ ഡിസംബര്‍ 15ന് ഒരു സി പി എം എം എല്‍ എയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കളും ബിജു രമേശും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമം ബിജു തുടങ്ങിയത്. ഇത് വ്യക്തമാക്കുന്ന ബിജു രമേശിന്റെ ശബ്ദരേഖയും മന്ത്രി പുറത്തുവിട്ടു.

കഴിഞ്ഞ മാര്‍ച്ച് 10ന് ബിജു രമേശ് വിളിച്ച ബിയര്‍-വൈന്‍ പാര്‍ലര്‍ ഉടമകളുടെ യോഗത്തില്‍ സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ബിജു പറയുന്നതിന്റെ ശബ്ദരേഖയാണ് മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കേള്‍പ്പിച്ചത്.

എന്നാല്‍ ഏത് സി പി എം എം എല്‍ എയാണ് ബിജുവുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമാക്കാന്‍ മന്ത്രി തയാറായില്ല. ഇക്കാര്യം ബിജു രമേശിനോട് തന്നെ ചോദിക്കൂ എന്നും അദ്ദേഹം പറഞ്ഞില്ലെങ്കില്‍ വീണ്ടും നമ്മുക്ക് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.