ഒഡീഷയില്‍ ആശുപത്രിയില്‍ തീപിടിത്തം; 23 പേര്‍ വെന്തുമരിച്ചു

fire-595502ഭുവനേശ്വര്‍ : ഒഡീഷയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 23പേര്‍ വെന്തുമരിച്ചു. ഭുവനേശ്വറിലെ എസ്‌യു‌‌എം ആശുപത്രിയിലാണ് തിങ്കളാഴ്ച രാത്രി തീപിടിത്തം ഉണ്ടായത്. രോഗികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ആശുപത്രിയില്‍നിന്ന് രക്ഷിച്ചവരെയും പരിക്കേറ്റവരെയും സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആശുപത്രികളില്‍ ചികിത്സ തേടിയവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി ഖുര്‍ദ ജില്ലാ കലക്ടര്‍ നിരഞ്ജന്‍ സാഹു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സിന്റെ പത്ത് യൂണിറ്റുകളും പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിശക്തമായ തീപിടിത്തമാണ് ആശുപത്രിയില്‍ ഉണ്ടായതെന്നും അഗ്നിശമന സേനാംഗങ്ങളുടെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്നും ഫയര്‍ സര്‍വീസ് ഡിജിപി ബിനോയ് ബെഹ്റ പറഞ്ഞു.

വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്ക് ആവശ്യമായ ചികിത്സ ഏര്‍പ്പെടുത്താന്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അതാനു സബ്യസചി നായക്  പറഞ്ഞു. തീപിടിത്തത്തെ  തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു.