ഭാരതപുഴയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കുറ്റിപ്പുറം : ഭാരതപുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പേരശന്നൂര്‍ പിഷാരിയേക്കല്‍ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാവിലെ 10 നാണ് സംഭവം നടന്നത്. പേരശന്നൂര്‍ കുണ്ടി പരുത്തി അബ്ദുള്‍ റസാഖിന്റെ മകന്‍ മുഹമ്മദ് റാഫി (15) അബ്ദുള്‍ റസാഖിന്റെ സഹോദരി റസിയയുടെയും പകരനെല്ലൂര്‍ കടവണ്ടി അഷറഫിന്റെയും മകന്‍ താഹിര്‍ (13) എന്നിവരാണ് മരിച്ചത്.

കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി താഴുന്നത് കണ്ടയുടനെ കുട്ടികള്‍ ബഹളം വെക്കുകയും ഇത് കേട്ട് ഓടി കൂടിയ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി തുടര്‍ന്ന് സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലീസും ഫയര്‍ഫോഴ്‌സും അരമണിക്കൂര്‍ നടത്തിയ തെരച്ചിലില്‍ മുഹമ്മദ് റാഫിയെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരിക്കുകയായിരുന്നു. താഹിറിനെ കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറ്റിപ്പുറം ഫോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ഇരുവരുടെയും മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മുഹമ്മദ് റാഫി പേശന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഉമ്മ സാജിത സഹോദരങ്ങള്‍ : സല്‍മാന്‍ ഫാരിസ്, ജുമാന, ഫര്‍സീന

താഹിര്‍ തിരുന്നാവായ നവാമുകുന്ദ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍ അസ്ഹാക്, റിഫ.