ബി ഇ എം സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംരക്ഷണസമിതി രൂപികരിച്ചു

MODEL 1 copyപരപ്പനങ്ങാടി: നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പരപ്പനങ്ങാടി ബി ഇ എം സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളും, പൊതുപ്രവര്‍ത്തകരും സ്‌കൂള്‍ സംരക്ഷണ സമിതി രൂപികരിച്ചു. ഒരു കാലത്ത് പരപ്പനങ്ങാടിയിലെയും, പരിസര പഞ്ചായത്തുകളിലെയും സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്നിരുന്ന ബി ഇ എമ്മിന്റെ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. നേരത്തെ സംസ്ഥാനത്ത് തന്നെ കലാ, കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി താരങ്ങളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. ഇന്നും 50 വര്‍ഷത്തിലേറെ പഴക്കമുള്ള മുറികളില്‍ തന്നെയാണ് അദ്ധ്യയനം നടക്കുന്നത്. ഹയര്‍സെക്കണ്ടറിക്കുള്ള കെട്ടിട നിര്‍മ്മാണം പോലും പൂര്‍ത്തിയായിട്ടില്ല. 50 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ലാബില്‍ പുതുതായി ഒരു ഉപകരണം പോലുമില്ല. പരപ്പനങ്ങാടിയില്‍ മികച്ച സാമൂഹ്യ സേവനം നടത്തിയ ഈ സ്‌കൂളിലെ എന്‍ സി സി യൂണിറ്റ് ഓര്‍മ്മയായിട്ട് വര്‍ഷങ്ങളായി. സ്റ്റുഡന്റ് പോലീസിനെ പടിക്കകത്തേക്ക് കയറ്റാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. സ്‌കൂളിന്റെ ഈ അവസ്ഥ മാറ്റുന്നതിനും, നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനുമായി കൂട്ടായ പ്രവര്‍ത്തനം നടത്തുന്നതിനായാണ് സംരക്ഷണസമിതി രൂപികരിച്ചതെന്ന് കമ്മറ്റിഭാരവാഹികളായ ഇക്ബാല്‍ മലയിലും, ശബ്‌നം മുരളിയും മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി മുഴുവന്‍ പരപ്പനങ്ങാടിക്കാരുടെയും പിന്തുണ ഉണ്ടാകണമെന്നും സമിതി ആവശ്യപ്പെട്ടു.