തിരുന്നാവായ സംസ്‌കൃത സര്‍വകലാശാല കേന്ദ്രത്തിലെ ബീഫ്‌ മേളയില്‍ സംഘര്‍ഷം

Story dated:Friday October 9th, 2015,11 15:am
sameeksha sameeksha

Untitled-2 copyതിരുന്നാവായ: ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയുടെ തിരുന്നാവായ പ്രാദേശിക കേന്ദ്രത്തില്‍ എസ്‌എഫ്‌ഐയുടെ ബീഫ്‌ മേളയില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ബീഫ്‌കറിയില്‍ പുറത്തുനിന്നെത്തിയ സംഘം പെട്രോളൊഴിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ കോളേജ്‌ അനിശ്ചിതകാലത്തേക്ക്‌ അടച്ചു.

വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം ഉണ്ടായത്‌. മേളയില്‍ വിതരണം ചെയ്യാനായി വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ ബീഫ്‌കറി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ്‌ യൂണിയന്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതെടുക്കാന്‍ ചെന്നപ്പോഴാണ്‌ കറിയില്‍ പെട്രോളൊഴിച്ചതായി കണ്ടെത്തിയത്‌. ഇത്‌ ചോദ്യം ചെയ്‌തതോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌. സംഘര്‍ഷത്തെ തുടര്‍ന്ന്‌ തിരൂരില്‍ നിന്നും പോലീസെത്തി എല്ലാവരെയും മാറ്റുകയായിരുന്നു.

തുടര്‍ന്ന്‌ ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തിരുനാവായ ടൗണില്‍ പ്രകടനം നടത്തി. മേള നടത്തണമെന്നാവശ്യപ്പെട്ട്‌ ബുധനാഴ്‌ച എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ഡയറക്ടര്‍ക്ക്‌ കത്തു നല്‍കിയിരുന്നു. തുടര്‍ന്ന്‌ ഡയറക്ടര്‍ ഡോ. എല്‍ സുഷമ അധ്യാപകയോഗത്തില്‍ മേള നടത്തുന്നതിനെ കുറിച്ച്‌ സംസാരിച്ചു. ഉച്ചഭക്ഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ എന്ത്‌ കഴിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ അവരവരാണെന്നും ഡയറക്ടര്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറിയിച്ചു. രേഖാമൂലം മേളയ്‌ക്ക്‌ അനുമതി നല്‍കിയിരുന്നില്ലെന്നും ഡയറക്ടര്‍ പറഞ്ഞു.

ഭക്ഷണസംസ്‌ക്കാരത്തില്‍ നടക്കുന്ന കടന്നുകയറ്റത്തിനെതിരെയാണ്‌ എസ്‌എഫ്‌ഐ മേള നടത്തിയതെന്ന്‌ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ മേള നടത്തുന്നതിനെതിരെ ഒപ്പു ശേഖരണം നടത്തി ഡയറക്ടര്‍ക്ക്‌ നല്‍കിയിട്ടും മേള നടത്തിയത്‌ അധ്യാപകരുടെ ഒത്താശയോടുകൂടിയാണെന്ന്‌ എ.ബി.വി.പി ആരോപിച്ചു. കോളേജ്‌ അടച്ചെങ്കിലും 15 ന്‌ ആരംഭിക്കുന്ന പരീക്ഷയ്‌ക്കും വ്യാഴാഴ്‌ചത്തെ പി ടി എ യോഗത്തിനും മാറ്റമില്ലെന്ന്‌ ഡയറക്ടര്‍ അറിയിച്ചു.

ബീഫ്‌ ഫെസ്റ്റില്‍ ശങ്കര ദര്‍ശനങ്ങള്‍ക്ക്‌ വിരുദ്ധവും ശങ്കര സ്‌മരണകളെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കവുമാണെന്ന്‌ ബി ജെ പി സംസാക്കാരിക വിഭാഗം മലപ്പുറം ജില്ലാ കണ്‍വീനര്‍ തിരൂര്‍ ദിനേശ്‌ ആരോപിച്ചു.