ബഹ്‌റൈനില്‍ അനധികൃത തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി

മനാമ: രാജ്യത്ത് അനധികൃത തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എല്‍എംആര്‍എ അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇവിടെ താമസിക്കുന്ന അനധികൃത താമസക്കാര്‍ ബഹ്‌റൈന്‍ പൗരന്‍മാരിലും താമസക്കാരിലും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം കൂടിയതോടെയാണ് അധികൃതര്‍ ഇത്തരം തൊഴിലാളികളുടെ മേല്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. അനധികൃത താമസത്തിനും ജോലിയില്‍ തുടരുന്നത് ഒഴിവാക്കാനും നിരവധി ബോധവല്‍ക്കരണ പരിപാടികളും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും അനധികൃത തൊഴിലാളികള്‍ തുടരുന്ന അവസ്ഥയാണ് ഇപ്പോഴും ഇവിടെ ഉള്ളത്.

ഇക്കാര്യങ്ങള്‍ക്കായി നിരവധി യോഗങ്ങള്‍ സംഘടിപ്പിച്ചുവെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ഒരു പുതിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അനധികൃത തൊഴിലാളികളുടെയും തെരുവ് കച്ചവടക്കാരുടെയും പ്രശ്‌നം പരിഹരിക്കാന്‍ പരിശോധന പ്രചാരണങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അനിയന്ത്രിതമായി തൊഴില്‍ പ്രശ്‌നത്തിന്റെ നൂതനമായ പരിഹാരത്തിന്റെ ഭാഗമാണ് അടുത്തിടെ അവതരിപ്പിക്കപ്പെട്ട ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.