ബാര്‍ കോഴക്കേസ്‌; മാണിക്കെതിരെ തുടരന്വേഷണം

km-mani3_0തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജലന്‍സ്‌ റിപ്പോര്‍ട്ട്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി തള്ളി. ധനമന്ത്രി കെ എം മാണിയ്‌ക്കെതിരെ തുടരന്വേഷണം നടത്തണമെന്ന്‌ തിരുവനന്തപുരം വിജിലന്‍സ്‌ ജഡ്‌ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ഉത്തരവിട്ടു. ബാര്‍ കോഴ സംബന്ധിച്ച്‌ അന്വേഷണം നടത്തിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ട്‌ കോടതി മരവിപ്പിച്ചു. കേസ്‌ അവസാനിപ്പിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

നേരത്തെ ഈ കേസ്‌ അന്വേഷിച്ചിരുന്ന എസ്‌ പി സുകേശന്‍ തന്നെ കേസ്‌ തുടരന്വേഷണം നടത്തണമെന്ന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്‌. വസ്‌തുതാ റിപ്പോര്‍ട്ടില്‍ കഴമ്പുണ്ടെന്ന്‌ കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദം കോടതി തളളിയതോടെ ബാര്‍ കേസ്‌ സര്‍ക്കാരിന്‌ കനത്ത തിരിച്ചടിയായിരിക്കുകയാണ്‌. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ചോദ്യം ചെയ്‌ത്‌ ഒന്‍പത്‌ ഹര്‍ജികളും അനുകൂലിച്ച്‌ ഒരു ഹര്‍ജിക്കാരനുമാണ്‌ കോടതിയിലെത്തിയത്‌.

മൂന്നു മാസം നീണ്ടു നിന്ന വാദത്തിന്‌ ശേഷമാണ്‌ തിരുവനന്തപുരം വിജിലന്‍സ്‌ ജഡ്‌ജി ജോണ്‍ കെ ഇല്ലികാടന്‍ തുടരന്വേഷണ ഹര്‍ജികളില്‍ ഉത്തരവിട്ടത്‌. അടച്ച ബാറുകള്‍ തുറക്കാനായി കെ എം മാണി കോഴ വാങ്ങിയെന്ന ബിജുരമേശിന്റെ ആരോപണത്തിന്‌ തെളിവില്ലെന്നായിരുന്നു വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌.