ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ അന്വേഷണം നീതിപൂര്‍വകമാകില്ലെന്നും സിബിഐ അന്വേഷണമാണ്‌ ഉചിതമെന്നും ഹൈക്കോടതി

Kerala High Courtകൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ അന്വേഷണം നീതിപൂര്‍വകമാകില്ലെന്നു സിബിഐ അന്വേഷണമാണ്‌ ഉചിതമെന്നും ഹൈക്കോടതി. മന്ത്രി കുറ്റക്കാരനല്ലെന്ന്‌ മുഖ്യമന്ത്രി തന്നെ പറഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ വിജിലന്‍സ്‌ അന്വേഷണം കാര്യക്ഷമമാകുന്നത്‌ എങ്ങിനെയാണെന്നും ജസ്‌റ്റിസ്‌ സുധീന്ദ്ര കുമാര്‍ ചോദിച്ചു.

പുറത്തുള്ള ഏജന്‍സിയുടെ അന്വേഷണമാണ്‌ ഉചിതമെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. സിബിഐയുടെ അഭിപ്രായം തേടട്ടെയെന്നും കോടതി പറഞ്ഞു. എന്നാല്‍ സിബിഐയുടെ അഭിപ്രായം തേടാനുള്ള നീക്കത്തെ അഡ്വക്കേറ്റ്‌ ജനറല്‍ എതിര്‍ത്തു. വിഷയത്തില്‍ ഉച്ചയ്‌ക്ക്‌ ശേഷം സര്‍ക്കാരിന്റെ തീരുമാനം അറിയിക്കണമെന്ന്‌ എജിയ്‌ക്ക്‌ കോടതി നിര്‍ദേശം നല്‍കി. ഉച്ചയ്‌ക്ക്‌ ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ കോടതിയുടെ നടപടികള്‍ റദ്ദ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള കോണ്‍ഗ്രസ്‌ എമ്മിന്റെ ഇടുക്കിയിലെ നേതാവ്‌ സണ്ണി നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ പരിഗണിക്കവേയാണ്‌ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്‌.